ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തികരിച്ച് എറണാകുളം ജനറൽ
കൊച്ചി: ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയിൽ ചരിത്രനേട്ടവുമായി എറണാകുളം ജനറൽ ആശുപത്രി. രാജ്യത്ത് ആദ്യമായാണ് സർക്കാർ ജനറൽ ആശുപത്രിയിൽ ഹൃദയമാറ്റ ശസ്ത്രക്രിയ നടന്നത്. മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം സ്വദേശി ഷിബുവിന്‍റെ ഹൃദയമാണ് 21കാരിയായ നേപ്പാൾ സ്വദേശിനി ദുർഗകാമിക്ക് തുന്നിച്ചേർത്തത്. ഷിബുവിന്‍റെ അവയവങ്ങൾ ഇനി ഏഴുപേർക്ക് പുതുജീവനേകും.
രാവിലെ 10.45 ഓടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അവയവങ്ങൾ എടുക്കുന്ന ശസ്ത്രക്രിയ ആരംഭിച്ചു. ഒന്നേമുക്കാലോടെ ഹൃദയവും രണ്ട് വൃക്കങ്ങളും കരളും നേത്ര പടലങ്ങളും ചർമവും ശേഖരിക്കുന്ന ശസ്ത്രക്രിയ പൂർത്തിയായി. 2.55 ഓടെ ഹൃദയവുമായി എയർ ആംബുലൻസ് എറണാകുളം ഹയാത്തിലെ ഹെലിപാടിൽ വന്നിറങ്ങി.
നാലു മിനിറ്റിനുള്ളിൽ ജനറൽ ആശുപത്രിയിലെത്തിച്ചു. അപൂർവ്വ ജനിതകരോഗം ബാധിച്ച നേപ്പാൾ സ്വദേശിനി ദുർഗയിൽ ഷിബുവിന്‍റെ ഹൃദയമിടിക്കും. ഒരു വർഷമായി ദുർഗ ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അവയവമാറ്റത്തിന് രാജ്യത്തെ പൗരന്മാർക്ക് മുൻഗണന നൽകണമെന്ന നിയമം മറികടന്ന് കോടതി ഉത്തരവുപ്രകാരമാണ് ദുർഗക്ക് ഹൃദയം നൽകുന്നത്. ഇതേ രോഗത്തെ തുടർന്ന് ദുർഗയുടെ അമ്മയും മൂത്ത സഹോദരിയും മരിച്ചിരുന്നു. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതിൽ ദുർഗയുടെ സഹോദരൻ കേരളത്തോട് നന്ദി പറഞ്ഞു. ഷിബുവിന്‍റെ വൃക്കകളും, കരളും, ത്വക്കും, നേത്രപടലങ്ങളും ദാനം ചെയ്തു.