Kerala

റോഡുകളുടെ ശോചനീയാവസ്ഥ: സർക്കാർ ഒന്നും ചെയ്യുന്നില്ല, ഇനിയും ഉത്തരവിറക്കിയിട്ട് കാര്യമില്ല; ഹൈക്കോടതി

കളക്‌ടർ നടപടിയെടുക്കാത്തതുമൂലമാണ് ഉദ്യോഗസ്ഥർ അനാസ്ഥകാണിക്കുന്നതെന്നും ഉദ്യോഗസ്ഥരുടെ നിസംഗത ക്രിമിനൽ കുറ്റമാണെന്നും കോടതി പറഞ്ഞു

കൊച്ചി: കോടതി ഇടപെടൽ ഉണ്ടായിട്ടും സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ സർക്കാർ ഒന്നും ചെയ്തിട്ടില്ലെന്ന് ഹൈക്കോടതി. ഇനിയും ഉത്തരവിട്ടിട്ട് കാര്യമില്ലെന്നും റോഡുകളുടെ മോശം അവസ്ഥയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെ കോടതി വ്യക്തമാക്കി. റോഡ് സുരക്ഷ‍യുടെ കാര്യത്തിൽ കോടതിയാണോ സർക്കാരാണോ കൂടുതൽ വ്യാകുലപെടേണ്ടതെന്നും കോടതി ചോദിച്ചു. ഉദ്യോഗസ്ഥർക്കൊക്കെ ധാർഷ്ട്യവും അഹങ്കാരവുമാണ്. സർക്കാരും ഈ വിഷയത്തിൽ ഒന്നും  ചെയ്യുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. 

എംജി റോഡുകളിൽ ഇത്രയുമധികം കുഴികൾ നിരന്നിരിക്കുന്നത് ആരുടെ കുറ്റം കൊണ്ടാണ്. ജില്ല കളക്ടർ എന്തു ചെയ്തു. എന്തെങ്കിലും നടപടി സ്വീകരിച്ചതായി പറയാനാവുമോ എന്നും ചോദിച്ച കോടതി ഒരു ജീവൻ നഷ്ടമായാൽ എന്ത് സംഭവിക്കാനാണെന്ന ഭാവമാണ് സർക്കാരിനെന്നും കുറ്റപ്പെടുത്തി. ഇവിടെ കുഴികളുള്ള റോഡുകൾ റിബൺ ഉപയോഗിച്ച് മറയ്ക്കുകയാണല്ലോ പതിവ്, വിഷയത്തിൽ കളക്ടറുടെ റിപ്പോർട്ട് പോലും വന്നിട്ടില്ല. അമിക്കസ് ക്യൂറിയാണ് മരിച്ച കുട്ടിയുടെ കാര്യം കോടതിയുടെ ശ്രദ്ധയിലെത്തിച്ചതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചൂണ്ടിക്കാട്ടി.

കളക്‌ടർ നടപടിയെടുക്കാത്തതുമൂലമാണ് ഉദ്യോഗസ്ഥർ അനാസ്ഥകാണിക്കുന്നതെന്നും ഉദ്യോഗസ്ഥരുടെ നിസംഗത ക്രിമിനൽ കുറ്റമാണെന്നും കോടതി പറഞ്ഞു. 10 ദിവസത്തോളം കുഴികൾ നന്നാക്കാതെയിരുന്നത് ഞെട്ടിക്കുന്ന വിഷയമാണ്. മരണത്തെ വിളിച്ചു വരുത്തുകയായിരുന്നു. കളക്ടറുടെ റിപ്പോർട്ട് വന്നിട്ട് ബാക്കി പറയാമെന്ന് വ്യക്തമാക്കിയ കോടതി, കേസ് മറ്റന്നാൾ വീണ്ടും പരിഗണിക്കാൻ മാറ്റി. 

കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ സമരം; 9 വിദ‍്യാർഥികൾക്ക് സസ്പെൻഷൻ

നിമിഷപ്രിയയുടെ മോചനത്തിനായി ഒരു കോടി നൽകുമെന്ന് ബോബി ചെമ്മണൂർ

ബാസ്ബോൾ ഫലിച്ചില്ല; ഇംഗ്ലണ്ടിനെ 387ൽ ഒതുക്കി ബുംറയും സംഘവും

ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; നടൻ സാഗർ സൂര‍്യയ്ക്ക് പരുക്ക്

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി