വത്തിക്കാൻ സിറ്റി: ഭാരത കത്തോലിക്കാ സഭാ ചരിത്രത്തിൽ തിളക്കമുള്ള അധ്യായം എഴുതിച്ചേർത്ത് ആർച്ച് ബിഷപ് മാർ ജോർജ് ജേക്കബ് കൂവക്കാടിനെ ഫ്രാൻസിസ് മാർപാപ്പ കർദിനാൾ പദവിയിലേക്കുയർത്തി. സെന്‍റ് പീറ്റേഴ്സ് ബസലിക്കയിൽ നടന്ന ചടങ്ങിൽ മാർ കൂവക്കാട് ഉൾപ്പെടെ 21 പേരെയാണ് കർദിനാൾ പദവിയിലേക്ക് ഉയർത്തിയത്.
ഇന്ത്യൻ സമയം ഇന്നലെ രാത്രി 8.30 ഓടെ തുടങ്ങിയ ചടങ്ങിലായിരുന്നു സ്ഥാനാരോഹണം. സീറോ മലബാർ പാരമ്പര്യമുള്ള സ്ഥാന ചിഹ്നങ്ങളാണു മാർ കൂവക്കാടിനെ അണിയിച്ചത്. കറുപ്പും ചുവപ്പും നിറമുള്ള തലപ്പാവാണ് അദ്ദേഹത്തിനു നൽകിയത്.
നേരത്തേ, പുതിയ മെത്രാൻമാർ പ്രദക്ഷിണമായി സെന്‍റ് പീറ്റേഴ്സ് ബസലിക്കയിലെത്തി. പുതിയ കർദിനാൾമാരിൽ ഒരാൾ മാർപാപ്പയെ അഭിസംബോധന ചെയ്തു. തുടർന്ന് ഫ്രാൻസിസ് മാർപാപ്പ സംസാരിച്ചു. ‘ലോകത്തിന്‍റെ പ്രശ്നങ്ങളിൽ മനസ്സ് വിഷമിക്കുന്നവരാകണമെന്ന് മാർപാപ്പ ഉദ്ബോധിപ്പിച്ചു. വാതിലടയ്ക്കരുത്. ഒളിക്കരുത്. ലോകത്തോടൊപ്പം നടക്കണം. കണ്ണീരൊപ്പാൻ സഭയുണ്ടായിരിക്കണം.’ ലോകത്തിന്‍റെ വഴികളിലാണ് സഭയുള്ളത്. എല്ലാവരെയും ഉൾക്കൊള്ളുക എന്നതാണ് സഭയുടെ ദൗത്യം. വ്യത്യസ്ത സംസ്കാരം ഉള്ള ലോകത്ത് എല്ലാവരേയും സ്നേഹിക്കുന്ന ഉൾക്കൊള്ളുന്ന മനോഭാവം കർദിനാൾമാർക്കുണ്ടാകണം.
ദൈവത്തിന് എളിമയോടെ ഹൃദയം സമർപ്പിക്കാൻ കർദിനാൾമാരോട് മാർപാപ്പ ആഹ്വാനം ചെയ്തു. കർദിനാൾമാരെ മാർപാപ്പ ചുവന്ന തൊപ്പിയും സ്ഥാനിക ചിഹ്നങ്ങളും അണിയിച്ചു. സഭയോടുള്ള വിശ്വാസവും കൂറും പ്രഖ്യാപിക്കുന്ന സത്യപ്രതിജ്‍ഞ ഏറ്റുച്ചൊല്ലിയ ശേഷമാണ് സ്ഥാന ചിഹ്നങ്ങൾ ധരിപ്പിച്ചത്. കർദിനാൾമാർ വിശ്വാസ പ്രമാണം ഏറ്റുചൊല്ലി. ഒന്നര മണിക്കൂറോളം ചടങ്ങുകൾ നീണ്ടു.
ആർച്ച്ബിഷപ് മാർ ജോർജ് ജേക്കബ് കൂവക്കാടിന്‍റെ കർദിനാൾ സ്ഥാനാരോഹണം ഇന്ത്യയ്ക്ക് അഭിമാനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദേശത്തിൽ പറഞ്ഞു. ചടങ്ങിന് മുന്നോടിയായി കേന്ദ്രമന്ത്രി ജോർജ് കുര്യൻ, കൊടിക്കുന്നിൽ സുരേഷ്, രാജീവ് ചന്ദ്രശേഖർ എന്നിവർ മാർപാപ്പയെ സന്ദർശിച്ചു. ഇന്ത്യയുടെ ആശംസകൾ അറിയിച്ച സംഘം മാർ ജോർജ് കൂവക്കാടിനെ കർദിനാളായി ഉയർത്തിയതിൽ നന്ദിയും അറിയിച്ചു. ഇന്ത്യ സന്ദർശിക്കണമെന്ന ആവശ്യം മാർപാപ്പയെ അറിയിച്ചതായി കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
സ്ഥാനാരോഹണത്തിന് മുൻപേ മാർപാപ്പയെ കണ്ട് നിയുക്ത കർദിനാളിന്‍റെ കുടുംബാംഗങ്ങൾ നന്ദി അറിയിച്ചു. വൈദികനായിരിക്കെ നേരിട്ടു കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെടുന്ന ഇന്ത്യയിൽനിന്നുള്ള ആദ്യ പുരോഹിതനാണ് ചങ്ങനാശേരി അതിരൂപതാംഗമായ മാർ ജോർജ് ജേക്കബ് കൂവക്കാട് (51).