തിരുവനന്തപുരം: പതിനാറാം ധനകാര്യ കമ്മിഷന് റിപ്പോര്‍ട്ടില്‍ സംസ്ഥാനത്തിന് അനുകൂലമായ ശുപാര്‍ശകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. അരവിന്ദ് പനഗരിയയുടെ നേതൃത്വത്തിലെ കമ്മിഷന് സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങളില്‍ മതിപ്പും വിഴിഞ്ഞം പദ്ധതി അതിവേഗം യാഥാര്‍ഥ്യമായതില്‍ സംതൃപ്തിയും പ്രകടിപ്പിച്ചിരുന്നതായും മന്ത്രി പറഞ്ഞു. പ്രീ- ബജറ്റ് സെഷനില്‍ മാധ്യമപ്രവര്‍ത്തകരോട് ആശയവിനിമയം നടത്തുകയായിരുന്നു മന്ത്രി.
15-ാം ധനകാര്യ കമ്മിഷന് ശുപാര്‍ശകള്‍ കേരളത്തിന് കടുത്ത ആഘാതമാണ് ഏൽപ്പിച്ചത്. കേന്ദ്രത്തില്‍ നിന്നുള്ള നികുതി വരുമാനം പകുതിയോളം ഇടിഞ്ഞു. ഈ പശ്ചാത്തലത്തില്‍ പതിനാറാം കമ്മിഷന് കേരളത്തോട് നീതിപൂര്‍വമായ നിലപാട് സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ സമീപനം ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളെയും ബാധിക്കുന്നുണ്ട്. എന്നാല്‍ അവര്‍ക്ക് പരാതി പറയാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. കേന്ദ്രം സാമ്പത്തികമായി ബുദ്ധിമുട്ടിച്ചിട്ടും കഴിഞ്ഞ അഞ്ച് വര്‍ഷം കേരളത്തിന് മുന്നേറാനായി. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന വര്‍ഷങ്ങളില്‍ ട്രഷറി പൂട്ടുമെന്നായിരുന്നു പ്രചാരണം.
അതൊക്കെ അതിജീവിച്ചു. ക്ഷേമ പെന്ഷന് വിതരണത്തില്‍ ഇടക്ക് അഞ്ച് മാസം തടസം വന്നെങ്കിലും വര്‍ധിപ്പിച്ച പെന്ഷന് യഥാസമയം നല്കുന്നു. 55,000 കോടി രൂപയാണ് അഞ്ച് വര്‍ഷത്തില്‍ ക്ഷേമപെന്ഷന് ഇനത്തില്‍ വിതരണം ചെയ്തത്.കഴിഞ്ഞ എൽഡിഎഫ് സര്‍ക്കാര്‍ നല്‍കിയത് 35,000 കോടി രൂപയായിരുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നല്‍കിയത് 11,000 കോടി രൂപയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. യോഗത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ ഉന്നയിച്ച വിഷയങ്ങള്‍ വിശദമായി പരിശോധിച്ച് പ്രായോഗികത പരിഗണിച്ച് ബജറ്റില്‍ ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി പ്രതികരിച്ചു.