കെ.സി. വേണുഗോപാല്‍
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥി നിര്‍ണയ പ്രക്രിയയിൽ കര്‍ണാടക തിരഞ്ഞെടുപ്പില്‍ സ്വീകരിച്ച രീതി തന്നെയായിരിക്കും കേരളത്തിലും സ്വീകരിക്കുകയെന്ന് കെ.സി. വേണുഗോപാല്‍ എംപി. 2021-ലെ തെരഞ്ഞെടുപ്പില്‍ നല്‍കിയ സ്ഥാനാർഥി പട്ടികയില്‍ 50 ശതമാനത്തിലധികം പേര്‍ 50 വയസ്സില്‍ താഴെയുള്ള ചെറുപ്പക്കാരായിരുന്നു. കേരളത്തില്‍ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയും നല്‍കാത്തത്ര യുവപ്രാതിനിധ്യമാണ് കോണ്‍ഗ്രസ് നല്‍കിയിരിക്കുന്നത്. ചെറുപ്പക്കാര്‍ക്ക് എന്നും പ്രാധാന്യം നല്‍കുമെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.ഏറ്റവും ശക്തമായ രീതിയില്‍ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ പാര്‍ട്ടിയെ സജ്ജമാക്കുന്ന ക്യാമ്പായിരിക്കും വയനാട്ടില്‍ നടക്കുന്നത്.
കോണ്‍ഗ്രസ് വയനാട്ടില്‍ വാഗ്ദാനം ചെയ്ത വീടുകളുടെ സ്ഥലം രജിസ്‌ട്രേഷന്‍ ഇതിനകം നടന്നു കഴിഞ്ഞു. വരും ദിവസങ്ങളില്‍ തന്നെ അതിന്‍റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും വേണുഗോപാല്‍ പറഞ്ഞു.
കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ഥി നിര്‍ണയത്തിന് വ്യക്തമായ ഒരു സിസ്റ്റം ഉണ്ട്. പ്രദേശ് ഇലക്ഷന്‍ കമ്മിറ്റിനല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ സ്‌ക്രീനിങ് കമ്മിറ്റിയുടെ മുമ്പാകെ വരും.
സ്‌ക്രീനിങ് കമ്മിറ്റി അവ പരിശോധിച്ച ശേഷം സെന്‍ട്രല്‍ ഇലക്ഷന്‍ കമ്മിറ്റിക്ക് സമര്‍പ്പിക്കും. സ്ഥാനാർഥികളെ തീരുമാനിക്കുന്ന അന്തിമ ബോഡി സെന്‍ട്രല്‍ ഇലക്ഷന്‍ കമ്മിറ്റിയാണെന്നും എംപി പറഞ്ഞു.