തിരുവനന്തപുരം: വയനാട് ഉരുൾപ്പൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസ പദ്ധതി മന്ത്രിസഭാ യോഗം അംഗീകരിച്ചു. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് പദ്ധതിക്ക് അംഗീകാരം നൽകിയത്. സമയബന്ധിതമായി പദ്ധതികൾ നടപ്പാക്കും. മുപ്പതോളം സുപ്രധാന തിരുമാനങ്ങളാണ് മന്ത്രിസഭാ യോഗം കൈക്കൊണ്ടത്. പുനരധിവാസം സംബന്ധിച്ച് വിശദീകരിക്കാൻ മുഖ‍്യമന്ത്രി ബുധനാഴ്ച 3.30ന് വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്.
രണ്ട് ടൗൺഷിപ്പുകളിലായി ആയിരം ചതുരശ്ര അടിയിൽ ഒറ്റനിലയുള്ള വീടുകളാണ് ലക്ഷ‍്യം വയ്ക്കുന്നത്. വീടുകളുടെ നിർമാണത്തിന് സന്നദ്ധത അറിയിച്ച സ്പോൺസർമാരുമായും രാഷ്ട്രീയ പാർട്ടികളുമായും മുഖ‍്യമന്ത്രി ബുധനാഴ്ച ചർച്ച നടത്തും. 50 വീടുകളിൽ കൂടുതൽ നിർമിക്കാമെന്ന് വാഗ്ദാനം ചെയ്തവരെയാണ് ആദ‍്യഘട്ടത്തിൽ കാണുക. കർണാടക സർക്കാരിന്‍റെയും രാഹുൽ ഗാന്ധിയുടെയും പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. കൂടാതെ മുസ്ലിം ലീഗ്, ഡിവൈഎഫ്ഐ സംഘടനകളെയും കൂടിക്കാഴ്ചയ്ക്ക് വിളിച്ചിട്ടുണ്ട്.