Supreme court of India 
Kerala

കേരള സർക്കാർ ജാതി സെൻസസ് നടത്തില്ല

ജാതി സെൻസസ് നടത്തേണ്ടത് കേന്ദ്ര സർക്കാരെന്ന് സുപ്രീം കോടതിയിൽ നിലപാടറിയിച്ചു

ന്യൂഡല്‍ഹി: കേരളത്തിൽ ജാതി സെൻസസ് നടത്താൻ ഇടതു സർക്കാർ ഒരുക്കമല്ലെന്ന വ്യക്തമായ സൂചന നൽകി സുപ്രീം കോടതിയിൽ നിലപാടറിയിച്ചു. ജാതി സെൻസസ് നടത്തേണ്ടത് സംസ്ഥാനമല്ല, കേന്ദ്ര സർക്കാരാണെന്ന് ചീഫ് സെക്രട്ടറി ഡോ. വി. വേണു സുപ്രീം കോടതിയിൽ വ്യക്തമാക്കി.

മൈനോറിറ്റി ഇന്ത്യന്‍സ് പ്ലാനിങ് ആന്‍ഡ് വിജിലന്‍സ് കമ്മിഷന്‍ ട്രസ്റ്റ് നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ചീഫ് സെക്രട്ടറിയുടെ സത്യവാങ്മൂലം. സംവരണത്തിന് അർഹരായ പിന്നോക്ക വിഭാഗങ്ങളുടെ പട്ടിക പരിഷ്‌കരിക്കാനുള്ള സാമൂഹിക സാമ്പത്തിക സര്‍വെ പൂര്‍ത്തിയാക്കാന്‍ അനുവദിച്ച സമയപരിധി കഴിഞ്ഞിട്ടും നടപടിയുണ്ടായില്ലെന്നാണ് സംഘടനയുടെ പരാതി.

ഇതിനുള്ള മറുപടിയിലാണ് സംസ്ഥാനം പ്രത്യേക ജാതി സര്‍വെ നടത്താത്തതിൽ വിശദീകരണം നല്‍കിയിരിക്കുന്നത്. ജസ്റ്റിസ് ബി.ആര്‍. ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

കേരളത്തിലെ സാമൂഹിക, സാമ്പത്തിക സ്ഥിതി സംബന്ധിച്ച് 2011ലെ സെന്‍സസിന്‍റെ ഭാഗമായി കേന്ദ്രം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പ്രത്യേകമായി സര്‍വെ നടത്തേണ്ട എന്നാണു കേരളത്തിന്‍റെ നിലപാട്. സംസ്ഥാനങ്ങളില്‍ സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നില്‍ക്കുന്നവരെ പ്രഖ്യാപിക്കാനുള്ള അധികാരം രാഷ്‌ട്രപതിക്കാണെന്നും ഇത് സുപ്രീം കോടതി ശരിവച്ചിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

സാമൂഹിക സാമ്പത്തിക സ്ഥിതി സംബന്ധിച്ച് 2011ല്‍ സെന്‍സസിന്‍റെ ഭാഗമായി ശേഖരിച്ച ഡാറ്റ കേരളത്തിനു കൈമാറാന്‍ കേന്ദ്രത്തോട് 2022ൽ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് സംസ്ഥാന പിന്നാക്ക കമ്മിഷന്‍ ചെയര്‍മാന് മെയ് മാസം റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് കേന്ദ്രം കൈമാറി. എന്നാല്‍ ഈ റിപ്പോര്‍ട്ട് കേരളത്തിലെ സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളെ കണ്ടെത്താന്‍ സഹായകമല്ലെന്നും, റിപ്പോര്‍ട്ടില്‍ സാമൂഹിക- സാമ്പത്തിക ജാതി ഡാറ്റയില്ലെന്നും ചീഫ് സെക്രട്ടറി സുപ്രീം കോടതിയെ അറിയിച്ചു. കേസില്‍ ഇതുവരെ കേന്ദ്രം സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തിട്ടില്ല.

ട്രാക്റ്ററിൽ സന്നിധാനത്തെത്തി, അജിത് കുമാർ വിവാദത്തിൽ

''വിസിമാരെ ഏകപക്ഷീയമായി ചാൻസലർക്ക് നിയമിക്കാനാവില്ല''; ഗവർണർ നടത്തിയത് നിയമവിരുദ്ധ നടപടിയെന്ന് മന്ത്രി ആർ. ബിന്ദു

ഏഴ് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ദേശീയ അംഗീകാരം

സിമി നിരോധനത്തിനെതിരായ ഹർജി തള്ളി

ജയലളിതയുടെയും എംജിആറിന്‍റെയും മകളാണെന്നവകാശപ്പെട്ട തൃശൂർ സ്വദേശിനി സുപ്രീം കോടതിയിൽ