തിരുവനന്തപുരം: സംസ്ഥാനത്ത് കാളപൂട്ട്, മരമടി, കാളയോട്ടം എന്നിവ വീണ്ടും നടത്തുന്നതിന് നിയമം കൊണ്ടുവരുമെന്ന് മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണി. നിയമസഭയില്‍ പി.ടി.എ. റഹീമിന്‍റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. നിയമനിർമാണത്തിനുള്ള പ്രിവൻഷൻ ഒഫ് ക്രൂവല്‍റ്റി ടു ആനിമല്‍സ് - കേരള അമെൻമെൻഡ് ബില്‍ 2021 നേരത്തെ മന്ത്രിസഭ അംഗീകരിച്ചിരുന്നു. പിന്നീട് ഇത് ബില്ലായി കൊണ്ടുവരാനും തീരുമാനിച്ചു. എന്നാല്‍ 1960ലെ കേന്ദ്ര നിയമത്തിന്‍റെ പരിധിയില്‍ വരുന്നതിനാല്‍ ഭേദഗതി വരുത്തും മുമ്പ് രാഷ്‌ട്രപതിയുടെ മുൻകൂര്‍ അനുമതി വാങ്ങണമായിരുന്നു. ഇക്കാര്യം പരിശോധിക്കാനും ഈ വിഷയത്തില്‍ പുതിയ ഓര്‍ഡിനൻസ് പുറപ്പെടുവിക്കാനും രാഷ്‌ട്രപതിയുടെ അനുമതി വേണമോ എന്ന് പരിശോധിക്കാൻ നിയമ വകുപ്പിനെ ചുമതലപ്പെടുത്തി. അതുപ്രകാരം ഓര്‍ഡിനൻസും തയാറാക്കി.
ഓര്‍ഡിനൻസിന് മുൻകൂര്‍ അനുമതി തേടി കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് പലപ്പോഴായി മൂന്നു തവണ കത്തയച്ചിരുന്നു. എന്നാല്‍ കേന്ദ്രം മറുപടി നല്‍കിയിട്ടില്ല. ഈ സാഹചര്യത്തില്‍ ഓര്‍ഡിനൻസിലെ നിര്‍ദേശങ്ങള്‍ ബില്ലായി നിയമസഭയില്‍ അവതരിപ്പിച്ച് പാസാക്കി രാഷ്‌ട്രപതിയുടെ അംഗീകാരത്തിനായി അയയ്ക്കാമെന്ന് നിയമ വകുപ്പ് ഉപദേശം നല്‍കിയിട്ടുണ്ട്. അതുപ്രകാരമുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്.
തമിഴ്നാട്, കര്‍ണാടക സര്‍ക്കാരുകള്‍ കേന്ദ്ര നിയമത്തില്‍ ഭേദഗതി വരുത്തി ജെല്ലിക്കെട്ട് പോലുള്ള കാര്‍ഷിക മത്സരങ്ങള്‍ നിയമവിധേയമാക്കിയിരുന്നു. ഇത് ചോദ്യം ചെയ്ത് മൃഗക്ഷേമ സംഘടനകള്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഭേദഗതി ശരിയാണെന്ന് കോടതി വിധിക്കുകയായിരുന്നെന്നും മന്ത്രി വിശദമാക്കി.