കെ.കെ. രമ
തിരുവനന്തപുരം: രക്തസാക്ഷി ഫണ്ട് തട്ടിപ്പ് സിപിഎമ്മിൽ പുതിയ കാര്യമല്ലെന്ന് കെ.കെ. രമ. മുൻപും സിപിഎം പല പിരിവുകളും നടത്തിയിട്ടുണ്ട്. 2005-06 കാലഘട്ടത്തിൽ രക്തസാക്ഷി കുടുംബങ്ങൾക്ക് വേണ്ടിയെന്ന് പറഞ്ഞ് 25 കോടിയിലേറെ രൂപ സിപിഎം പിരിച്ചു. പക്ഷേ അതിന്‍റെ കണക്കൊന്നും പിന്നീട് എവിടെയും കണ്ടിട്ടില്ലെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ രമ പറഞ്ഞു.
അൻപത് വർഷത്തിലേറെ പാർട്ടിയെ കെട്ടിപ്പടുക്കാൻ ഒപ്പം നിന്ന മുതിർന്ന നേതാവാണ് കുഞ്ഞികൃഷ്ണൻ. അയാൾ ഇത്തരമൊരു കാര്യ തുറന്നു പറയുന്നത് പാർട്ടിയിലെ പോരാട്ടങ്ങൾ ഫലം കാണാതെ വന്നതോടെയാണ്. ഇതൊരു പാർട്ടിയുടെ ആഭ്യന്തര പ്രശ്നമല്ല, ജനങ്ങളിൽ നിന്ന് പിരിച്ച പണമാണെങ്കിൽ ജനങ്ങൾക്കത് അറിയാനുള്ള അവകാശമുണ്ടെന്നും രമ പറഞ്ഞു.
കുഞ്ഞികൃഷ്ണനെ അനുകൂലിച്ചവരെ ആക്രമിക്കുകയും അവരുടെ വണ്ടികളും മറ്റും കത്തിക്കുകയുമാണ്. എതിരാളികളില്ലാത്ത പയ്യന്നൂർ പോലുള്ള ഒരു പാർട്ടി ഗ്രാമത്തിലാണ് ഇത് സംഭവിക്കുന്നതെന്ന് ഓർക്കണം. ഇത്തരമൊരു സാഹചര്യം ഒഞ്ചിയത്ത് തങ്ങൾ അനുഭവിച്ചതിന് സാമാനമാണെന്ന് പറഞ്ഞ രമ കുഞ്ഞികൃഷ്ണനു നേരെ ഇന്നോവകളൊന്നും വാരാതെയിരിക്കട്ടെ എന്നും കൂട്ടിച്ചേർത്തു.