തിരുവനന്തപുരം: കൊടകര കുഴൽപ്പണക്കേസിൽ ബിജെപി നേതാക്കൾക്ക് ക്ലീൻ ചിറ്റ് നൽകിയതിന് ഇഡിക്കെതിരേ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കുഴൽപ്പണ കേസ് കേരളാ പൊലീസ് അന്വേഷിച്ച് കേസിന്‍റെ സ്വഭാവം വച്ചാണ് കേന്ദ്ര ഏജൻസിക്ക് കൈമാറിയത്.
എന്നാൽ ബിജെപി നേതാക്കളെ സംരക്ഷിച്ചാണ് ഇഡി കോടതിയിൽ റിപ്പോർട്ട് നൽകിയതെന്ന് ഗോവിന്ദൻ പറഞ്ഞു. ഇഡി ബിജെപിക്ക് ദാസ്യവേല ചെയ്യുകയാണെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
ഇതിനെതിരെ മാർച്ച് 29ന് കൊച്ചിയിലെ ഇഡി ആസ്ഥാനത്തേക്ക് സിപിഎം പ്രതിഷേധ മാർച്ച് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കുഴൽപ്പണ കേസിൽ പണത്തിന്‍റെ ഉറവിടം കണ്ടെത്താത്ത ഇഡി പച്ചയായ രാഷ്ട്രീയം കളിക്കുകയാണെന്നും ഗോവിന്ദൻ പറഞ്ഞു.
തൃശൂരിൽ 6 ചാക്കുകളിൽ കെട്ടി 9 കോടി രൂപ എത്തിച്ചെന്ന് വെളിപ്പെടുത്തിയ ബിജെപി മുൻ ഓഫിസ് സെക്രട്ടറി തിരൂർ സതീഷിന്‍റെ മൊഴി എടുക്കാൻ പോലും ഇഡി തയാറായില്ല. ഇതു വിചിത്രമാണ്. ആ മൊഴിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ തുടരന്വേഷണം പ്രഖ്യാപിച്ചിരുന്നു.
മുൻ പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍റെയും സംഘടനാ സെക്രട്ടറി എം. ഗണേഷിന്‍റെയും അറിവോടെയാണ് കുഴൽപ്പണ ഇടപാട് നടന്നതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു. 53.4 കോടിയുടെ കള്ളപ്പണം ധർമരാജൻ വഴി കൈകാര്യം ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് അറിയുന്നത്.
ഇക്കാര്യങ്ങൾ എല്ലാം സംസ്ഥാന സർക്കാർ വെളിച്ചത്തുകൊണ്ടുവന്നെങ്കിലും അന്വേഷിക്കാൻ നിയമപരമായി ചുമതലയുള്ള ഇഡിയും ആദായ നികുതി വകുപ്പും ഇതൊന്നും കാണുകയോ ബോധ്യപ്പെടുകയോ ചെയ്യുന്നില്ലെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി.
ജനങ്ങളുടെ മുമ്പിൽ പരിഹാസ്യമായ അവസ്ഥയാണ് ഇഡി ഇപ്പോൾ നേരിടുന്നത്. ഇത്തരം പ്രവൃത്തികൾ പൊതുസമൂഹത്തിൽ ചോദ്യം ചെയ്യും.
2021ല്‍ ബിജെപി കൊണ്ടുവന്ന കുഴല്‍പ്പണം ഉപയോഗിച്ചാണു സിപിഎം നിയമസഭാ തെരഞ്ഞെടുപ്പ് ജയിച്ചു തുടര്‍ഭരണം നേടിയതെന്നു കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ എംപി പറഞ്ഞു. കോടിക്കണക്കിന് രൂപയാണ് അന്നു ബിജെപി കേരളത്തില്‍ വിതരണം ചെയ്തത്.
പണം കൊടുത്തു ബിജെപി വോട്ടുകള്‍ സിപിഎമ്മിനു മറിച്ചു. അറുപതിലധികം സീറ്റുകളിലാണു ബിജെപി വോട്ടുമറിഞ്ഞത്. പ്രത്യുപകാരമായി കൊടകര കുഴല്‍പ്പണക്കേസ് ഇഡിക്കു കൈമാറി ബിജെപി നേതാക്കളെ പിണറായി സര്‍ക്കാര്‍ രക്ഷിച്ചെന്നും സുധാകരന്‍ ആരോപിച്ചു. പഴുതുകളില്ലാത്ത അന്വേഷണം നടത്തിയിരുന്നെങ്കില്‍ ബിജെപി നേതാക്കള്‍ ജയിലിലാകുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.