20 ഫ്ലക്സ് ബോർഡുകൾ, 2500 കൊടികൾ; സിപിഎമ്മിന് 3.5 ലക്ഷം രൂപ പിഴയിട്ട് കോർപ്പറേഷൻ
കൊല്ലം: സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നഗരത്തിൽ കൊടികളും ഫ്ലക്സ് ബോർഡുകളും സ്ഥാപിച്ച സിപിഎമ്മിന് വൻ തുക പിഴയിട്ട് കൊല്ലം കോർപ്പറേഷൻ. 3.5 ലക്ഷം രൂപ പിഴ ചുമത്തിയതായി കൊല്ലം കോർപ്പറേഷൻ, സിപിഎം ജില്ലാ സെക്രട്ടറിക്കു നൽകിയ നോട്ടീസിൽ വ്യക്തമാക്കുന്നു.
സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് 20 ഫ്ലക്സ് ബോർഡുകളും 2500 കൊടികളും കെട്ടിയതിനാണ് പിഴ. ഫീസ് അടച്ച് അനുമതി തേടിയെങ്കിലും കോർപ്പറേഷൻ തീരുമാനമെടുത്തിരുന്നില്ല. പിഴ അടയ്ക്കുന്നതിൽ സിപിഎമ്മും തീരുമാനം അറിയിച്ചിട്ടില്ല. എൽഡിഎഫ് ഭരണസമിതി തന്നെയാണ് കോർപ്പറേഷൻ ഭരിക്കുന്നത്.
കൊല്ലത്ത് കൂടി വരുമ്പോള്‍ കണ്ണടച്ച് വരാന്‍ കഴിയില്ലെന്നു ചൂണ്ടിക്കാട്ടി വ്യാഴാഴ്ച ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ഇരുന്നൂറിലധികം പരാതികളാണ് ബോർഡുകൾ സ്ഥാപിച്ചതിനെതിരേ ലഭിച്ചതെന്നും ഉത്തരവാദികളുടെ പേര് പറയാൻ പോലും പരാതിക്കാർക്ക് ഭയമാണെന്നും കോടതി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് സിപിഎമ്മിന് കോർപ്പറേഷൻ പിഴ ചുമത്തിയത്.