മിഥുന്‍റെ മരണമറിയാതെ അമ്മ, പൊട്ടിക്കരഞ്ഞ് അച്ഛൻ; ഉള്ള് നീറി നാട്
കൊല്ലം: സ്കൂളിൽ പോയ മകൻ മരിച്ചതറിയാതെ അമ്മ, പൊട്ടിക്കരഞ്ഞ് അച്ഛൻ. തേവലക്കര സ്കൂളിലെ എട്ടാം ക്ലാസുകാരൻ മിഥുൻ മരിച്ചതിന്‍റെ ഞെട്ടലിലാണ് നാടിപ്പോഴും.കൂലിപ്പണിക്കാരനായ മനോജിന്‍റെയും സുജിയുടെയും മകനാണ് മിഥുൻ. പട്ടുകടവ് സ്കൂളിൽ നിന്ന് ഈ വർഷമാണ് കുട്ടിയെ തേവലക്ക ബോയ്സ് സ്കൂളിൽ ചേർത്തത്.
വ്യാഴാഴ്ച രാവിലെ അച്ഛനാണ് മിഥുനെ സ്കൂട്ടറിൽ സ്കൂളിൽ എത്തിച്ചത്. അമ്മ സുജ കുവൈറ്റിൽ ഹോം നഴ്സാണ്. രാവിലെ അമ്മയുമായി ഫോണിൽ സംസാരിച്ചതിനു ശേഷമാണ് മിഥുൻ സ്കൂളിലേക്ക് പോന്നത്. ജോലി ചെയ്യുന്ന കുടുംബത്തിനൊപ്പം വിനോദസഞ്ചാരത്തിന് പോയിരിക്കുന്നതിനാൽ മകൻ മരിച്ചത് സുജയെ അറിയിക്കാൻ ആയിട്ടില്ല.
സംഭവം നടന്ന ഉടനെ പഞ്ചായത്ത് അംഗത്തെ വിവരമറിയിച്ചിരുന്നു. മിഥുന്‍റെ അച്ഛൻ മനോജുമായി അദ്ദേഹം ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി അപ്പോഴേക്കും മരിച്ചിരുന്നു.