ഡ്രൈവറുടെ ഭാര്യയുടെ പരാതിയിൽ വനിതാ കണ്ടക്‌റ്റർക്ക് സസ്പെൻഷൻ, വിവാദമായതോടെ മന്ത്രി ഇടപെട്ട് നടപടി റദ്ദാക്കി
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്രൈവറുമായി"അവിഹിതം' ഉണ്ടെന്ന പരാതിയില്‍ വനിതാ കണ്ടക്റ്ററെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്ത നടപടി വിവാദമായതോടെ ഗതാഗത മന്ത്രി ഇടപെട്ട് റദ്ദാക്കി.
ഡ്രൈവറുടെ ഭാര്യയുടെ പരാതിയിലാണ് വനിതാ കണ്ടക്റ്റർക്കെതിരേ നടപടിയെടുത്തത്. കെഎസ്ആർടിസിക്ക് അവമതിപ്പുണ്ടാക്കിയെന്നും ഡ്രൈവറുടെ ശ്രദ്ധ മാറ്റുംവിധം സംസാരിച്ചുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
സസ്പെൻഷൻ ഉത്തരവ് കെഎസ്ആർടിസി ജീവനക്കാരുടെ വാട്സാപ്പ് ഗ്രൂപ്പുകളിലടക്കം വ്യാപകമായി ഷെയർ ചെയ്യപ്പട്ടതോടെ വിവാദം ചൂടുപിടിച്ചു. ഉത്തരവിൽ പേരും സംഭവങ്ങളും വിശദമായി വിവരിച്ചതിലൂടെ ജീവനക്കാരിയെ അപമാനിച്ചെന്നും വിമർശനം ഉയർന്നു. നടപടിക്കെതിരേ ഒരു വിഭാഗം ജീവനക്കാരും രംഗത്തെത്തി. തുടർന്ന് ഗതാഗതമന്ത്രി ഇടപെട്ട് സസ്പെൻഷൻ പിൻവലിക്കുകയായിരുന്നു.
ഡ്രൈവറായ തന്‍റെ ഭര്‍ത്താവിന് ഡിപ്പോയിലെ വനിതാ കണ്ടക്റ്ററുമായി "അവിഹിതം' ഉണ്ടെന്ന് കാണിച്ച് ഭാര്യയാണ് മന്ത്രിക്ക് പരാതി നല്‍കിയത്. മൊബൈലില്‍ പകര്‍ത്തിയ വിഡിയോ ദൃശ്യങ്ങള്‍, ഭര്‍ത്താവിന്‍റെ ഫോണില്‍ നിന്ന് ഫോട്ടായായി എടുത്ത വാട്‌സാപ്പ് ചാറ്റ് എന്നിവ സഹിതമാണ് യുവതി പരാതിപ്പെട്ടത്.
തുടര്‍ന്ന് ചീഫ് ഓഫിസ് വിജിലന്‍സ് ഇന്‍സ്‌പെക്റ്റർ അന്വേഷണം നടത്തി നടപടിയെടുക്കുകയായിരുന്നു. കണ്ടക്റ്റര്‍ ഏറെ നേരം ഡ്രൈവറുമായി സംസാരിക്കുന്നതും യാത്രക്കാരെ ശ്രദ്ധിക്കാതെ ഇരിക്കുന്നതും അന്വേഷണത്തില്‍ വ്യക്തമായെന്ന് ഉത്തരവിൽ പറയുന്നു.
യാത്രക്കാർ സ്വയം ബെല്ലടിച്ച് ബസ് നിർത്തിച്ചശേഷം ഇറങ്ങുന്നതായി കണ്ടെന്നും ഉത്തരവ് വ്യക്തമാക്കുന്നു. രേഖകള്‍ പരിശോധിച്ചതില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യമായെന്നും ഡ്രൈവറുടെ ശ്രദ്ധ തെറ്റിക്കുംവിധം കണ്ടക്റ്റർ സംസാരിച്ചത് വീഴ്ചയാണെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.