Lyme disease reported in Kerala Ernakulam 
Kerala

എറണാകുളത്ത് ആദ്യമായി 'ലൈം രോ​ഗം' സ്ഥിരീകരിച്ചു; റിപ്പോര്‍ട്ട് ചെയ്യുന്നത് 10 വര്‍ഷത്തിനു ശേഷം

നാഡീ വ്യൂഹത്തെ ബാധിച്ച് മരണം വരെ സംഭവിക്കാം.

കൊച്ചി: എറണാകുളം ജില്ലയിൽ ആദ്യമായി അപൂർവരോഗമായ 'ലൈം രോഗം' റിപ്പോർട്ട് ചെയ്തു. ലിസി ആശുപത്രിയിൽ ചികിത്സയിലായിരുന്ന അമ്പത്താറ് വയസുള്ള ആൾക്കാണ് രോഗം സ്ഥിരീകരിച്ചത്. 'ബൊറേലിയ ബർഗ്ഡോർഫെറി' എന്ന ബാക്ടീരിയ മൂലമാണ് രോഗം ഉണ്ടാകുന്നത്. ഒരു പ്രത്യേക തരം ചെള്ളിന്‍റെ കടിയേൽക്കുന്നതിലൂടെയാണ് ഈ ബാക്ടീരിയ മനുഷ്യ ശരീരത്തിൽ പ്രവേശിക്കുന്നത്.

കടുത്ത പനിയും തലവേദനയും വലത് കാൽമുട്ടിൽ നീരുമായെത്തിയ കൂവപ്പടി സ്വദേശിയായ രോ​ഗിയെ കഴിഞ്ഞ ഡിസംബർ ആറിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപസ്മാരത്തിന്‍റെ ചില ലക്ഷണങ്ങള്‍ വരെ പ്രകടിപ്പിച്ചതോടെ, രോഗിയുടെ നട്ടെല്ലിൽനിന്നുള്ള സ്രവം പരിശോധിച്ചപ്പോഴാണ് മെനഞ്ചൈറ്റിസ് സ്ഥിരീകരിച്ചത്. തുടർന്നും നടത്തിയ പരിശോധനയിലാണ് ലൈം രോ​ഗമാണെന്നു ഉറപ്പിച്ചത്. പിന്നീട് ലൈം രോ​ഗത്തിനുള്ള ചികിത്സ ആരംഭിച്ചതോടെ ആരോ​ഗ്യം മെച്ചപ്പെടുകയും രോഗി ഡിസംബർ 26നു ആശുപത്രി വിടുകയും ചെയ്തു.

എന്നാല്‍, ആശുപത്രി അധികൃതർ ജില്ലാ മെഡിക്കൽ ഓഫീസറെ വിവരം അറിയിച്ചതിനെ തുടർന്ന് ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തിൽ രോഗിയുടെ രക്തം പരിശോധനയ്ക്കായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചിരുന്നു. ഈ ചൊവ്വാഴ്ചയോടെ അവിടെയും രോഗം സ്ഥിരീകരിക്കുകയായിരുന്നു. 10 വര്‍ഷത്തിനു ശേഷമാണ് സംസ്ഥാനത്ത് വീണ്ടും ലൈം രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത്.

എന്താണ് ലൈം രോ​ഗം

ലൈം രോ​ഗം ബൊറേലിയ ബർ​ഗ്ഡോർഫെറി എന്ന ബാക്ടീരിയ മൂലമാണ് ഉണ്ടാകുന്നത്. ഇതു ചില പ്രാണികൾ വഴി പകരുന്നു. കൃത്യസമയത്ത് കണ്ടെത്തിയാൽ ഡോക്സിസൈക്ലിൻ ​ഗുളികകൾ അടക്കമുള്ള ചെലവു കുറഞ്ഞ ചികിത്സാ മാർ​ഗത്തിലൂടെ രോ​ഗം ഭേദമാക്കാം. നാഡീ വ്യൂഹത്തെ ബാധിച്ച് മരണം വരെ സംഭവിക്കാം.

ലക്ഷണങ്ങള്‍

ചെള്ളുകടിച്ച പാട്, ചർമത്തിൽ ചൊറിച്ചിലും തടിപ്പും, പനിയും രോ​ഗത്തിന്‍റെ ലക്ഷണങ്ങളാണ്. കൂടാതെ തലവേദന, അമിത ക്ഷീണം, സന്ധിവേദന തുടങ്ങിയവ ആദ്യഘട്ടത്തിൽ പ്രകടമാകാം. ശരീരത്തിന്‍റെ പലഭാ​ഗങ്ങളിലും കാണപ്പെടുന്ന പാടുകൾ, പേശികള്‍ക്ക് ബലക്ഷയം, കൈ-കാല്‍ വേദന തുടങ്ങിയവയൊക്കെ ലക്ഷണങ്ങളാണ്. തുടക്കം തന്നെ ഇത് ചികിത്സിച്ചില്ലെങ്കിൽ പിന്നീട് കാല്‍മുട്ടിനെയും പേശിയെയും ഹൃദയത്തെയും തലച്ചോറിനെ വരെ ഇത് ബാധിക്കാം.

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്