Kerala

അരിക്കൊമ്പന്‍റെ പരാക്രമം: കമ്പത്ത് പരിക്കേറ്റയാൾ മരിച്ചു

ബൈക്ക് മറിഞ്ഞു വീണ പാൽരാജിന്‍റെ തലയ്ക്കും വയറിനും ഗുരുതര പരിക്കേറ്റിരുന്നു

MV Desk

കമ്പം : കമ്പത്ത് ജനവാസ മേഖലയിൽ ഇറങ്ങിയ അരിക്കൊമ്പൻ ബൈക്കിൽ നിന്നു തട്ടിയിട്ട ആൾ മരിച്ചു. കമ്പം സ്വദേശി പാൽരാജ് (57) ആണ് മരിച്ചത്. ശനിയാഴ്ച കമ്പം ജനവാസ മേഖലയിൽ ഇറങ്ങി അരികൊമ്പൻ ഓടിയപ്പോഴാണ് പാൽരാജിന്‍റെ ബൈക്കിൽ തട്ടിയത്.

ബൈക്ക് മറിഞ്ഞു വീണ പാൽരാജിന്‍റെ തലക്കും വയറിനും ഗുരുതര പരിക്കേറ്റിരുന്നു. തേനി മെഡിക്കൽ കോളെജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആയിരുന്നു. ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെ മരണം സംഭവിക്കുകയായിരുന്നു.

അതിനിടെ, നാടിനെ വിറപ്പിച്ച കൊമ്പനെ പിടികൂടി മയക്കുവെടി വയ്ക്കാനുള്ള ദൗത്യം തുടരുകയാണ്. കമ്പത്തിന് സമീപം കൂത്തനാച്ചിയാർ വനമേഖലയിൽ തമ്പടിച്ച കൊമ്പൻ പിന്നീട് ഷൺമുഖ നദി അണക്കെട്ടിന് സമീപത്തേക്ക് നീങ്ങി. ദൗത്യ സംഘം ഇവിടെ എത്തിയെങ്കിലും ആന വനത്തിൽ തന്നെ നിലയുറപ്പിച്ചതിനാൽ മയക്കുവെടി വെക്കാൻ സാധിച്ചിട്ടില്ല. ജനവാസ മേഖലയോട് ചേർന്നുകിടക്കുന്ന വനമേഖലയിലൂടെയാണ് കൊമ്പന്‍റെ സഞ്ചാരം.

ആന ക്ഷീണിതനായതിനാലാണ് അധിക ദൂരം സഞ്ചരിക്കാത്തതെന്നാണ് വനംവകുപ്പിന്‍റെ വിലയിരുത്തൽ. അനുയോജ്യമായ സ്‌ഥലത്തേക്ക്‌ ആനയിറങ്ങി വന്നാൽ മയക്കുവെടി വയ്ക്കാനാണ് വനം വകുപ്പിന്‍റെ നീക്കം.

വിമാന ടിക്കറ്റ് കൊള്ള: തടയിടാൻ കേന്ദ്ര സർക്കാർ

കേരളത്തിലെ ദേശീയപാത നിർമാണത്തിലെ അപാകത: നടപടിയെടുക്കുമെന്ന് ഗഡ്കരി

'പോറ്റിയേ കേറ്റിയേ...' പാരഡിപ്പാട്ടിനെതിരേ ഉടൻ നടപടിയില്ല

മുഷ്താഖ് അലി ട്രോഫി: ഝാർഖണ്ഡ് ചാംപ്യൻസ്

എന്താണു മനുഷ്യത്വമെന്നു തിരിച്ചു ചോദിക്കാം: തെരുവുനായ പ്രശ്നത്തിൽ ഹർജിക്കാരനെതിരേ കോടതി