വയസ് 14, ഇനി കാട് കാണില്ല: വയനാട്ടിൽ ആദിവാസി മൂപ്പനെ കൊലപ്പെടുത്തിയ കടുവ കുടുങ്ങി
കൽപറ്റ: വയനാട്ടിൽ ദിവസങ്ങൾക്ക് മുൻപ് ആദിവാസി മൂപ്പനെ കൊലപ്പെടുത്തിയ കടുവ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി. വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയാണ് കടുവ കുടുങ്ങിയത്. WWL 48 എന്ന് തിരിച്ചറിഞ്ഞ കടുവയാണ് പിടിയിലായത്. 14 വയസുള്ള ആൺ കടുവയാണ് കുടുങ്ങിയതെന്ന് വനം വകുപ്പ് അറിയിച്ചു.
ആദിവാസിയായ മാരനെ കടിച്ച് കൊന്ന കടുവയാണിതെന്നാണ് സ്ഥിരീകരണം. വണ്ടിക്കടവ് ഭാഗത്ത് നിരന്തരം വളർത്തുമൃഗങ്ങളെ വേട്ടയാടിയിരുന്നതും ഇതേ കടുവയാണെന്ന് അധികൃതർ വ്യക്തമാക്കി. പിടികൂടിയ കടുവയെ തിരികെ കാട്ടിലേക്ക് തുറന്നു വിടില്ലെന്ന് വനംവകുപ്പ് അറിയിച്ചു. ഇരതേടാനുള്ള ശേഷിക്കുറവ് ഉണ്ടായേക്കാമെന്നും അതുകൊണ്ടാവാം ഇത് നാട്ടിലേക്ക് ഇറങ്ങുന്നതെന്നും വിലയിരുത്തുന്നു. നിലവിൽ കടുവയെ ആരോഗ്യപരിശോധനകൾക്ക് ശേഷം കുപ്പാടിയിലെ വനംവകുപ്പിന്‍റെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാനാണ് തീരുമാനം. അവിടെ വെറ്ററിനറി ഡോക്ടർമാരുടെ നേതൃത്വത്തിൽ നിരന്തരമായ പരിശോധനകളും നിരീക്ഷണവും നടത്തും.
വണ്ടിക്കടവ് ഭാഗത്ത് മറ്റ് മൂന്ന് കടുവകളുടെ കൂടി കാൽപാടുകൾ കണ്ടതായി നാട്ടുകാർ ആരോപിക്കുന്നുണ്ട്. നിലവിൽ കടുവകളുടെ പ്രജനന കാലമായതിനാൽ അവ വനംവിട്ട് നാട്ടിലേക്ക് ഇറങ്ങാനുള്ള സാധ്യത കൂടുതലാണെന്ന് വനംവകുപ്പ് മുന്നറിയിപ്പ് നൽകുന്നു. അതിനാൽ കന്നുകാലികളെ മേയ്ക്കാനോ വിറക് ശേഖരിക്കാനോ വനത്തിനുള്ളിലേക്ക് പോകരുതെന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.