വെള്ളാപ്പള്ളി നടേശൻ 

file image

Kerala

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസ്; വെള്ളാപ്പള്ളി നടേശന് കുരുക്ക് മുറുകുന്നു

നിരന്തരം നിര്‍ദേശിച്ചിട്ടും ശശിധരന്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നല്‍കിയില്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടുന്നത്

Namitha Mohanan

തിരുവനന്തപുരം: മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് കുരുക്ക് മുറുകുന്നു. അന്വേഷണ ഉദ്യോഗസ്ഥനെതിരേ കോടതി വിമർശനം നടത്തിയതോടെ വിവിധ തട്ടിപ്പു കേസുകളിൽ വിജിലന്‍സ് ഡയറക്റ്റര്‍ കുറ്റപത്രത്തിന് അംഗീകാരം നല്‍കി. മൂന്നാഴ്ചയ്ക്കകം അന്വേഷണ പുരോഗതിയില്‍ റിപ്പോര്‍ട്ട് നല്‍കിയില്ലെങ്കില്‍ എസ്പി എസ്. ശശിധരനെ അന്വേഷണ ചുമതലയില്‍ നിന്ന് മാറ്റുമെന്നായിരുന്നു സിംഗിള്‍ ബെഞ്ചിന്‍റെ മുന്നറിയിപ്പ്.

നിരന്തരം നിര്‍ദേശിച്ചിട്ടും ശശിധരന്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നല്‍കിയില്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടുന്നത്. ഇതോടെ വിജിലൻസ് മേധാവി മനോജ് എബ്രഹാം കുറ്റപത്രത്തിന് അനുമതി നൽകിയ വിവരം സർക്കാർ ഹൈക്കോടതിയെ ഔദ്യോഗികമായി അറിയിച്ചു.2014-ൽ വയനാട് എസ്എൻഡിപി യൂണിയന് മൈക്രോഫിനാൻസ് പദ്ധതിയുടെ ഭാഗമായി 10 ലക്ഷം രൂപ അനുവദിച്ചതിൽ ക്രമക്കേട് കാട്ടിയെന്ന കേസിലാണ് ഇപ്പോൾ കുറ്റപത്രം തയ്യാറായിരിക്കുന്നത്.

വെള്ളാപ്പള്ളി നടേശൻ, എസ്എൻഡിപി യോഗം പ്രസിഡന്‍റ് എം.എൻ സോമൻ, വയനാട് യൂണിയൻ ഭാരവാഹികൾ, ബന്ധപ്പെട്ട ചില ഉദ്യോഗസ്ഥർ എന്നിവരാണ് ഈ കേസിൽ പ്രതിപ്പട്ടികയിലുള്ളത്. പ്രതികൾക്കെതിരെ അഴിമതി നിരോധന നിയമ പ്രകാരമുള്ള വകുപ്പുകൾ ചുമത്തിയതിനാൽ വിചാരണ നടപടികളിലേക്ക് കടക്കുന്നതിന് സർക്കാരിന്‍റെ പ്രത്യേക പ്രോസിക്യൂഷൻ അനുമതി ആവശ്യമായിരുന്നു.മൈക്രോഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട മറ്റ് രണ്ട് കേസുകളിൽ കൂടി വിജിലൻസ് അന്വേഷണം പൂർത്തിയായിട്ടുണ്ട്. ആകെ 70 കേസുകളിലാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.

വിഷയത്തിൽ ഹൈക്കോടതി നടത്തിയ കടുത്ത വിമർശനങ്ങളെക്കുറിച്ച്, കോടതി ഉത്തരവിന്‍റെ പകർപ്പ് പൂർണമായി ലഭിച്ച ശേഷം പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന് വിജിലൻസ് മേധാവി അറിയിച്ചു. 2016ല്‍ വി.എസ് അച്യുതാനന്ദന്‍ നല്‍കിയ പരാതിയിലാണ് വെള്ളാപ്പള്ളി നടേശനെതിരെ അന്വേഷണം തുടങ്ങിയത്. സ്ത്രീകളുടെ പേരില്‍ വ്യാജ പദ്ധതിയിലൂടെ പിന്നാക്ക വികസന കോര്‍പ്പറേഷനില്‍ നിന്ന് വായ്പയെടുത്തതിലാണ് അഴിമതി. സംസ്ഥാനത്തെ പിന്നാക്ക വികസന കോര്‍പ്പറേഷന്‍ ചുരുങ്ങിയ പലിശയ്ക്ക് വായ്പ കൊടുക്കും.

മൂന്ന് മുതല്‍ നാല് ശതമാനം വരെ പലിശയാണ് ഇവര്‍ ഈടാക്കുന്നത്. ഇത്തരത്തിലൊരു സംവിധാനത്തെയാണ് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറിയായ വെള്ളാപ്പള്ളി ദുരുപയോഗം ചെയ്തത്. ഓരോ യൂണിയനും ഈ പലിശ നിരക്കില്‍ വായ്പയ്ക്ക് എടുത്ത ശേഷം 10 മുതല്‍ 12 ശതമാനം വരെ പലിശയ്ക്ക് ഓരോ യൂണിയനും വായ്പ നല്‍കിയെന്നാണ് വിവരം. 124 ഇടപാടുകളാണ് അന്വേഷിക്കുന്നത്. അതില്‍ ഓരോന്നിലും കുറ്റപത്രം തയ്യാറാകണം. ഹൈക്കോടതിയുടെ ഭാഗത്ത് നിന്നും അതിരൂക്ഷമായ വിമര്‍ശനം ഉണ്ടായതിന് പിന്നാലെ കേസുകളിൽ സര്‍ക്കാരിന്‍റെ അനുമതി വാങ്ങാനുള്ള നടപടികളാണ് ഉണ്ടാവുക.

അതിതീവ്ര മഴ; 10 ജില്ലകളിലെ സ്കൂളുകൾക്ക് ബുധനാഴ്ച അവധി

രണ്ട് കോടി വിലമതിക്കുന്ന 400 കിലോ കഞ്ചാവ് പിടികൂടി; മൂന്ന് പേർ അറസ്റ്റിൽ

'ഗജിനി', 'ലഗാൻ' ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടൻ പ്രദീപ് റാവത്ത് അന്തരിച്ചു

ഝാർഖണ്ഡിൽ മിന്നലേറ്റ് 13 പേർ മരിച്ചു; എട്ട് പേർക്ക് പരുക്ക്

എൻജിൻ പണിമുടക്കി; റോ റോ കടലിലേക്ക് ഒഴുകി, കൊച്ചുകുട്ടികളടക്കം 50 യാത്രക്കാരെ രക്ഷപ്പെടുത്തി