ഷിബു ബേബി ജോൺ
തിരുവനന്തപുരം: സംസ്ഥാനത്ത് മനുഷ്യ-വന്യജീവി സംഘർഷം പരിഹരിക്കുന്നതിന് സമഗ്ര പദ്ധതി തയാറാക്കുമെന്ന് വനംമന്ത്രി ഷിബു ബേബി ജോൺ. വനമേഖലകളെ പന്ത്രണ്ടായി തിരിച്ച് ഓരോന്നിനും പ്രത്യേകം പദ്ധതി തയാറാക്കുമെന്നും മന്ത്രി പറഞ്ഞു.
വന്യമൃഗങ്ങളെ കാട്ടിൽ തന്നെ നിലനിർത്തുക, നാട്ടിലെത്തിയാൽ ആഘാതം കുറയ്ക്കുക, ദുരിതബാധിതർക്ക് സമയബന്ധിതമായി നഷ്ടപരിഹാരം തുടങ്ങി മൂന്നു ഘടകങ്ങളാണു പദ്ധതിക്കുള്ളത്. വന്യജീവികൾ നാട്ടിലിറങ്ങുന്നത് തടയാൻ വനത്തിനുള്ളിലെ വിഭവങ്ങളുടെ ലഭ്യത പരിശോധിക്കും. കിടങ്ങ്, സൗരോർജ വേലി, തൂക്കുവേലി തുടങ്ങിയവയോടൊപ്പം ശാസ്ത്രീയ പഠനം നടത്തി പുതിയ മാർഗങ്ങൾ ആവിഷ്കരിക്കും- ഷിബു ബേബി ജോൺ പറഞ്ഞു.
വന്യമൃഗങ്ങളുടെ ആക്രമണം കാരണം ദുരിതത്തിലായവർക്ക് സമയബന്ധിതമായി നഷ്ടപരിഹാരം നൽകും. നഷ്ടപരിഹാരത്തുക വർധിപ്പിക്കുന്നതിന് മുഖ്യമന്ത്രിയുമായി ചർച്ചചെയ്ത് നടപടി സ്വീകരിക്കും. കൃഷിനാശത്തിന് ഇൻഷ്വറൻസ് എന്നത് സർക്കാരിന്‍റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നാണ്. പൊതുമേഖലാ ഇൻഷ്വറൻസ് സ്ഥാപനങ്ങളുമായി ചേർന്ന് പ്രീമിയം കുറഞ്ഞ രീതിയിൽ ഇത് നടപ്പാക്കും.
കാട്ടുപന്നികളെ വെടിവയ്ക്കുന്നതിന് കൂടുതൽ ഷൂട്ടർമാരെ നിയോഗിക്കും. കാട്ടാനകളെ നാട്ടിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നായ ചക്കപ്പഴം അടുത്ത സീസൺ മുതൽ മുൻകൂട്ടി ശേഖരിച്ച് സംഭരിക്കുന്നതിന് കൃഷി വകുപ്പുമായി ചേർന്ന് പദ്ധതി തയാറാക്കും. വനം വകുപ്പിന്‍റെ റാപ്പിഡ് റെസ്പോൺസ് ടീമുകളുടെ എണ്ണം വർധിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.