ന‍്യൂഡൽഹി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടെന്ന് കോൺഗ്രസിൽ തീരുമാനം. ഇക്കാര‍്യം ഹൈക്കമാൻഡിനെ അറിയിക്കും. ഇളവു നൽകുന്നത് അടക്കമുള്ള കാര‍്യങ്ങളിൽ ദേശീയ നേതൃത്വം അന്തിമ തീരുമാനമെടുക്കും.
ചൊവ്വാഴ്ച തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ സ്ഥാനാർഥി നിർണയം, തെരഞ്ഞെടുപ്പ് വിഷയങ്ങൾ, പ്രചാരണ പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച് ചർച്ചകൾ നടന്നു. എംപിമാർ സ്വയം സ്ഥാനാർഥിത്വം പ്രഖ‍്യാപിക്കേണ്ടതില്ലെന്നും നേതാക്കൾ വ‍്യക്തമാക്കി.
തർക്ക രഹിത സ്ഥാനാർഥി നിർണയം പൂർത്തിയാക്കണമെന്നും അഭിപ്രായം ഉയർന്നു. സ്ഥാനാർഥി പട്ടിക തയാറാക്കി എഐസിസിക്ക് കൈമാറുന്നത് വരെയുള്ള പ്രവർത്തനങ്ങൾക്ക് കെപിസിസി പ്രസിഡന്‍റിനെയും പ്രതിപക്ഷ നേതാവിനെയും നിയോഗിച്ചിട്ടുണ്ട്.