ക്രിസ്തീയ ഭക്തിഗാനം പാടിയതിൽ ഒരു തെറ്റുമില്ല, എല്ലാ മതസ്ഥരും ഒന്നിച്ചു നടത്തിയ പരിപാടിയാണ്; നന്ദഗോവിന്ദത്തിന് പിന്തുണയുമായി ക്ഷേത്ര കമ്മിറ്റി

 
Kerala

'ക്രിസ്തീയഗാനം പാടിയതിൽ ഒരു തെറ്റുമില്ല, എല്ലാ മതസ്ഥരും ഒന്നിച്ചു നടത്തിയ പരിപാടിയാണ്'; നന്ദഗോവിന്ദത്തിന് പിന്തുണയുമായി ക്ഷേത്ര കമ്മിറ്റി

എല്ലാ മതസ്ഥരും സൗഹാർദപരമായി ജീവിക്കുന്ന നാടാണ് ഇതെന്നും വിവാദം ഇളക്കിവിട്ട് നിലവിലുള്ള സൗഹാർദം തകർക്കരുതെന്നും ക്ഷേത്രകമ്മിറ്റി

Manju Soman

ക്ഷേത്രത്തിലെ പരിപാടിക്കിടെ ക്രിസ്തീയ ഭക്തിഗാനം ആലപിച്ചത് വിവാദമായതിനു പിന്നാലെ നന്ദഗോവിന്ദം ഭജൻസിന് പിന്തുണയുമായി നട്ടാശ്ശേരി വേമ്പിൻകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്ര കമ്മിറ്റി. പരിപാടിയിൽ‌ ക്രിസ്തീയ ഭക്തിഗാനം പാടിയതിൽ ഒരു തെറ്റുമില്ലെന്നാണ് പത്രക്കുറിപ്പിൽ പറഞ്ഞത്. എല്ലാ മതസ്ഥരും സൗഹാർദപരമായി ജീവിക്കുന്ന നാടാണ് ഇതെന്നും വിവാദം ഇളക്കിവിട്ട് നിലവിലുള്ള സൗഹാർദം തകർക്കരുതെന്നും ക്ഷേത്രകമ്മിറ്റി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് കോട്ടയം നട്ടാശ്ശേരിയിലെ ക്ഷേത്ര പരിപാടിയിൽ നന്ദഗോവിന്ദം ഭജൻസ് ക്രിസ്തീയ ഭക്തിഗാനം ആലപിച്ചത്. യേശുദാസ് പാടിയ ‘ഈ പരദേവനഹോ’ എന്ന ഗാനമാണ് സംഘം ആലപിച്ചത്. ഇതിന്‍റെ വിഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിനു പിന്നാലെയാണ് ഒരു വിഭാഗം വിമർശനവുമായി രംഗത്തെത്തിയത്.

ക്ഷേത്രകമ്മിറ്റി പുറത്തിറക്കിയ പ്രസ്താവന

നന്ദഗോവിന്ദം ഭജൻസ് നടത്തിയ പ്രോഗ്രാമുമായി ബന്ധപ്പെട്ട് ഈ സാഹചര്യത്തിൽ ഒരു കാര്യം പറയാതിരിക്കാൻ വയ്യ, അതും പ്രത്യേകിച്ച് ക്ഷേത്രത്തെ സംബന്ധിച്ചാകുമ്പോൾ. നന്ദഗോവിന്ദം ഭജൻസ് കഴിഞ്ഞ പതിനാലാം തീയതി ഒരു പ്രോഗ്രാം ഞങ്ങളുടെ ക്ഷേത്രവുമായി ബന്ധപ്പെട്ട് നടത്തിയിരുന്നു. ക്ഷേത്ര പുനർനിർമാണം നടക്കുന്നതു കൊണ്ട് അതിന് ഒരു പ്രചാരണമെന്ന രീതിയിൽ നന്ദഗോവിന്ദം ഭജൻസ് സൗജന്യം ആയി ക്ഷേത്രത്തിനു വേണ്ടി നടത്തിയ പ്രോഗ്രാമാണ്. അത് കുറച്ചു പേർ വളരെയധികം വിവാദത്തിൽ എത്തിച്ചിരിക്കുകയാണ്.

ഒരു കാര്യം പ്രത്യേകമായി പറയാനുള്ളത് ഒന്നാമതായി ഈ പ്രോഗ്രാം നടന്നത് ക്ഷേത്ര മതിൽക്കെട്ടിനകത്തല്ല. അതിനുള്ളിൽ സ്ഥലമില്ലാതിരുന്നതു കൊണ്ട് വെളിയിൽ ഒരു സ്ഥലം അതിനു വേണ്ടി ഒരുക്കി എടുക്കുകയാണ് ചെയ്തത്. തന്നെയുമല്ല ഈ നാട്ടിലുള്ള എല്ലാ വിഭാഗം ജനങ്ങളും അതിന് ഇന്ന മതം എന്നൊന്നുമില്ല, എല്ലാവരും ഒരുമിച്ച് സഹകരിച്ചാണ് ഈ പ്രോഗ്രാം ഇവിടെ നടത്തിയത്.

നന്ദഗോവിന്ദത്തിന്റെ സ്വന്തം തട്ടകം, അവർ വളർന്നത് ഇവിടെ നിന്നാണ്, നവീൻ എൽകെജി മുതൽ പഠിച്ചത് ഇവിടത്തെ പള്ളി സ്കൂളിലാണ്. പഠിപ്പിച്ചതിൽ എല്ലാ വിഭാഗത്തിലുമുള്ള ടീച്ചർമാരുമുണ്ട്. അതിനാൽത്തന്നെ പ്രോഗ്രാം കേൾക്കാൻ ഹിന്ദുക്കളും ക്രിസ്ത്യാനികളും ഒരുപോലെ സഹകരിച്ചിരുന്നു. ജനബാഹുല്യം കണക്കിലെടുത്ത് ഫ്രീ പാസ്സോടു കൂടിയാണ് പ്രോഗ്രാം കൺട്രോൾ ചെയ്തത്. ഈ നാട്ടിലുള്ള എല്ലാവർക്കും പ്രോഗ്രാം കാണുന്നതിനും കേൾക്കുന്നതിനും ജാതിമതഭേദമന്യേ പാസുകൾ വീട്ടിലെത്തിച്ചിരുന്നു. എല്ലാവരും വരികയും പ്രോഗ്രാം കേൾക്കുകയും ചെയ്തു.

ഈ അമ്പലത്തിൽ നടക്കുന്ന എല്ലാ പരിപാടികൾക്കും എല്ലാ മതസ്ഥരും സഹകരിക്കുന്നുണ്ട്. ഇവിടത്തെ ദേശവിളക്കിന് നമ്മൾ വിളക്ക് കത്തിക്കുന്നതോടൊപ്പം ക്രിസ്ത്യാനികളും തിരി തെളിക്കാറുണ്ട്. താലപ്പൊലി കടന്നു പോകുമ്പോൾ അവർ വഴിയരികിൽ തിരി തെളിയുന്നതുമെല്ലാം വർഷവും നടക്കുന്നതാണ്. അതാണ് ഈ നാട്ടിലെ സമ്പ്രദായവും ഈ നാട്ടിലെ ഏകതയും.

അങ്ങനെയുള്ള ഒരു സ്ഥലത്ത് ഇതുപോലൊരു പ്രോഗ്രാം നടന്നപ്പോൾ അവിടെ നവീനെ പഠിപ്പിച്ച അധ്യാപകരും അവരുടെ സുഹൃത്തുക്കളും സഹപാഠികളും അവരുടെ വീട്ടുകാരും എല്ലാം ഉണ്ടായിരുന്നു. അപ്പോൾ അവിടെ അങ്ങനെ ഒരു ഗാനം പാടുന്നതിൽ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു തെറ്റും കണ്ടില്ല. അത് ഒരു വലിയ അപരാധമാണെന്ന് ഞങ്ങൾ ഒരിക്കലും വിശ്വസിക്കുന്നില്ല. ഈ ഗ്രാമത്തിലുള്ള എല്ലാവരും വളരെ സൗഹാർദപരമായി ജീവിക്കുന്നവരാണ്. അങ്ങനെയുള്ള ഒരു ദേശത്തെ ഇത്തരത്തിലുള്ള ഒരു വിവാദം ഇളക്കിവിട്ട് നിലവിലുള്ള സൗഹാർദത്തെ എല്ലാവരുംകൂടി തകർക്കരുത് എന്ന് മാത്രമേ ഈ അവസരത്തിൽ പറയാനുള്ളൂ.

കനത്ത ചൂട് കാരണം സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിക്കാനുള്ള സാധ്യത കുറവ്, ഷോട്ട് സർക്യൂട്ട് ഉണ്ടായോ എന്ന് സംശയം

വെടിക്കെട്ട് അപകടം; മരിച്ചവരുടെ കുടുംബത്തിനും പരുക്കേറ്റവർക്കും ധനസഹായം പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ്

തൃശൂർ വെടിമരുന്ന് ദുരന്തം: മൃതദേഹങ്ങൾ തെരയാൻ കഡാവർ നായ്ക്കളും

നിതിൻ രാജിന്‍റെ മരണം; അധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിശദമായ വാദം വ്യാഴാഴ്ച

ജനൽച്ചില്ല് പൊട്ടി 6 വയസുകാരിയുടെ കാലിൽ കുത്തിക്കയറി; മുണ്ടത്തിക്കോട് അപകടത്തിൽ സമീപവാസികൾക്കും പരുക്ക്