17 മണ്ഡലങ്ങളിൽ വോട്ട് വർധിപ്പിച്ച് ബിജെപി 
Kerala

17 മണ്ഡലങ്ങളിൽ വോട്ട് വർധിപ്പിച്ച് ബിജെപി

വീരവാദം മുഴക്കി മത്സരിക്കാനെത്തിയ യുഡിഎഫ് സ്ഥാനാർഥി കെ. മുരളീധരൻ അതിദയനീയമായി മൂന്നാം സ്ഥാനത്തായി

Namitha Mohanan

തിരുവനന്തപുരം: കേരളത്തിൽ എൻഡിഎ 19.17 ശതമാനം വോട്ടി. ആലപ്പുഴ, പാലക്കാട്, കാസർഗോഡ്, പാലക്കാട്, കോഴിക്കോട് അടക്കം മണ്ഡലങ്ങളിലെല്ലാം വോട്ടുവിഹിതം വർധിച്ചു. തിരുവനന്തപുരത്തും ആറ്റിങ്ങലിലും എൻഡിഎ സ്ഥാനാർഥികൾ കാഴ്ചവച്ചത് ഇഞ്ചോടിഞ്ച് പോരാട്ടം. തൃശൂർ ലോക്സഭാ മണ്ഡലത്തിൽ സുരേഷ് ഗോപി വിജയിച്ചതോടെ ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കുകയും ചെയ്തു. ചരിത്രവിജയമാണ് സുരേഷ് ഗോപി ഇവിടെ സ്വന്തമാക്കിയത്.

തൃശൂരിൽ 74,686 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് തൃശൂരിൽ സുരേഷ് ഗോപി തൊട്ടടുത്ത എതിർസ്ഥാനാർഥി എൽഡിഎഫിലെ വി.എസ്. സുനിൽകുമാറിനെ പരാജയപ്പെടുത്തിയത്. വീരവാദം മുഴക്കി മത്സരിക്കാനെത്തിയ യുഡിഎഫ് സ്ഥാനാർഥി കെ. മുരളീധരൻ അതിദയനീയമായി മൂന്നാം സ്ഥാനത്തായി. സുരേഷ് ഗോപി 4,12,338 വോട്ടുകൾ നേടിയപ്പോൾ സുനിൽകുമാറിന് 3,37,652 വോട്ടുകൾ ലഭിച്ചു. കെ. മുരളീധരന് 3,28,124 വോട്ടുകളാണ് ലഭിച്ചത്. കേരളത്തിൽ ആദ്യമായാണ് ഒരു ബിജെപി സ്ഥാനാർഥി ലോക്സഭയിലേക്ക് മത്സരിച്ച് ജയിക്കുന്നത്.

ആദ്യറൗണ്ട് കഴിഞ്ഞപ്പോൾ തൃശൂരിൽ സുരേഷ് ഗോപി ലീഡ് നേടിയതിന് പുറകെ തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറും ലീഡ് നേടിയത് എൻഡിഎ ക്യാമ്പിനെ ആഹ്ലാദം കൊള്ളിച്ചു. എന്നാൽ പലപ്പോഴും രാജീവ് ലീഡ് കൂടിയും കുറഞ്ഞും ചിലപ്പോൾ തരൂരിന് പുറകിൽ പോയതും തിരുവനന്തപുരത്തെ വോട്ടെണ്ണലിനെ ആവേശത്തിലാക്കി. ആറ്റിങ്ങലിൽ വി. മുരളീധരനും ആലപ്പുഴയിൽ ശോഭ സുരേന്ദ്രനും ഒരുഘട്ടത്തിൽ മുന്നിലെത്തിയത് എൻഡിഎ ക്യാമ്പിലെ ആവേശം വർധിപ്പിച്ചു. എന്നാൽ ഇരുവരും അൽപ്പം കഴിഞ്ഞപ്പോൾ പിന്നിലായതും പിന്നീട് വോട്ടെണ്ണലിൽ ഉടനീളം ഇരുവരും ലീഡ് നേടാത്തതും പ്രവർത്തകരെ നിരാശരാക്കി.

സുരേഷ് ഗോപിയുടെയും രാജീവ് ചന്ദ്രശേഖറിന്‍റെയും മുന്നേറ്റം വീണ്ടും പ്രവർത്തകരെ ആഹ്ലാദിപ്പിച്ചു. സുരേഷ് ഗോപിയുടെ ലീഡ് 30,000ത്തിന് മുകളിലേക്ക് കടന്നതോടെ ആഹ്ലാദം ആഘോഷത്തിന് വഴിമാറി. ഒടുവിൽ അദ്ദേഹം ജയിക്കുമെന്ന് ഉറപ്പായതോടെ പ്രവർത്തകർ മധുരം വിതരണം ചെയ്തു. ഒരുവിഭാഗം സുരേഷ് ഗോപിയുടെ വീട്ടിലെത്തി അദ്ദേഹത്തിന് പൂച്ചെണ്ടും നൽകിയും പൂമാല ചാർത്തിയും ആഹ്ലാദം പങ്കുവച്ചു. അപ്പോഴും രാജീവ് ചന്ദ്രശേഖറും തരൂരും തമ്മിലുള്ള കടുത്ത പോരാട്ടം തുടരുകയായിരുന്നു. അവസാന രണ്ട് റൗണ്ടുകൾ എത്തിയപ്പോഴേക്കും രാജീവിന്‍റെ ലീഡ് കുറയാൻ തുടങ്ങിയിരുന്നു. പക്ഷേ പ്രവർത്തകർ അപ്പോഴും പ്രതീക്ഷ കൈവിട്ടിരുന്നില്ല. ഒടുവിൽ 16,077 വോട്ടിന്‍റെ ഭൂരിപക്ഷത്തിന് തരൂർ തിരുവനന്തപുരത്ത് വിജയം ഉറപ്പിക്കുകയായിരുന്നു.

ആറ്റിങ്ങലിൽ വി. മുരളീധരൻ 3,07,133 വോട്ടുകൾ നേടി. ആലപ്പുഴയിൽ ശോഭ സുരേന്ദ്രൻ 2,99,648 വോട്ടുകളും നേടി. കൊല്ലത്ത് കൃഷ്ണകുമാർ 1,63,210, പത്തനംതിട്ടയിൽ അനിൽ ആന്‍റണി 2,34,406, എറണാകുളത്ത് ഡോ. കെ.എസ്. രാധാകൃഷ്ണൻ 1,44,500, ആലത്തൂരിൽ ടി.എൻ. സരസു 1,88,230, പാലക്കാട് സി. കൃഷ്ണകുമാർ 2,51,778, പൊന്നാനിയിൽ നിവേദിത സുബ്രഹ്മണ്യൻ 1,17,681, മലപ്പുറത്ത് ഡോ. എം. അബ്ദുൾ സലാം 85,361, കോഴിക്കോട് എം.ടി. രമേശ് 1,80,666, വയനാട് കെ. സുരേന്ദ്രൻ 1,41,045, വടകരയിൽ പ്രഫുൽകൃഷ്ണൻ 1,11,979, കണ്ണൂർ സി. രഘുനാഥ് 1,19,876, കാസർഗോഡ് എം.എൽ. അശ്വനി 2,13,153 എന്നിങ്ങനെയാണ് ബിജെപിയുടെ വോട്ടുനില.

കേരളത്തിലെ ജനങ്ങൾക്ക് സല്യൂട്ട്; യുഡിഎഫിൽ വിശ്വാസം അർപ്പിച്ചതിന് നന്ദി പറഞ്ഞ് രാഹുൽ ഗാന്ധി

സംസ്ഥാനത്തെ ഇനിയുള്ള പോരാട്ടം എൻഡിഎ‍യും യുഡിഎഫും തമ്മിൽ; എൽഡിഎഫിനെ ജനം തള്ളിക്കളഞ്ഞുവെന്നും രാജീവ് ചന്ദ്രശേഖർ

ജനവിധി മാനിക്കുന്നു; സർക്കാർ വിരുദ്ധവികാരം ഉണ്ടായോയെന്ന് പരിശോധിക്കുമെന്ന് ബിനോയ് വിശ്വം

മെസിയുടെ 'ഗോട്ട് ഇന്ത‍്യ ടൂർ ' മുഖ‍്യ സംഘാടകൻ അറസ്റ്റിൽ

എറണാകുളത്ത് 10 നഗരസഭയിലും യുഡിഎഫ് ആധിപത്യം; ഒരിടത്ത് എൽഡിഎഫ്, തൃപ്പൂണിത്തുറയിൽ എൻഡിഎ