Kerala

പാലക്കാട് കൈക്കൂലി കേസ്: ഒരു കോടിയുടെ സ്വത്ത് പിടിച്ചെടുത്ത് വിജിലൻസ്

പാലക്കയം വില്ലേജ് ഓഫിസിലെ വില്ലേജ് ഫീൽഡ് അസിസ്റ്റന്‍റ് സുരേഷ് കുമാറാണ് കൈക്കൂലി കേസിൽ അറസ്റ്റിലായത്.

പാലക്കാട്: കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ വില്ലേജ് ഫീൽഡ് അസിസ്റ്റന്‍റിന്‍റെ വീട്ടിൽ നിന്ന് പിടിച്ചെടുത്തത് ഒരു കോടിയിലഘധികം രൂപ വില മതിക്കുന്ന സ്വത്ത്. ചൊവ്വാഴ്ച രാവിലെയാണ് പാലക്കയം വില്ലേജ് ഓഫിസിലെ വില്ലേജ് ഫീൽഡ് അസിസ്റ്റന്‍റ് സുരേഷ് കുമാർ കൈക്കൂലി കേസിൽ അറസ്റ്റിലായത്.

ഇയാൾ താമസിക്കുന്ന ഒറ്റ മുറിയിൽ നടത്തിയ പരിശോധനയിൽ 35 ലക്ഷം രൂപ, 45 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപ രേഖകൾ, 25 ലക്ഷം രൂപയുടെ സേവിങ്സ് ബാങ്ക് രേഖകൾ, 17 കിലോഗ്രാം വരുന്ന നാണയശേഖരം എന്നിവയാണ് പിടിച്ചെടുത്തത്. ഇവയെല്ലാം അന്യായമായി സ്വന്തമാക്കിയതാണെന്നാണ് വിജിലൻസിന്‍റെ കണ്ടെത്തൽ. തിരുവനന്തപുരം മലയിൻകീഴ് സ്വദേശിയാണ് സുരേഷ് കുമാർ.

വസ്തുവിന്‍റെ ലൊക്കേഷൻ സർട്ടിഫിക്കറ്റ് നൽകുന്നതിന് കൈക്കൂലി ആവശ്യപ്പെട്ടതിനെത്തുടർന്ന് മഞ്ചേരി സ്വദേശി നൽകിയ പരാതിയിലാണ് അറസ്റ്റ്. 45 ഏക്കർ സ്ഥലത്തിന്‍റെ ലൊക്കേഷൻ സർട്ടിഫിക്കറ്റിനായി 2500 രൂപയാണ് സുരേഷ്കുമാർ കൈക്കൂലിയായി ആവശ്യപ്പെട്ടത്.

പണവുമായി മണ്ണാർക്കാട് താലൂക്ക് തല റവന്യു അദാലത്ത് നടക്കുന്ന എംഇഎസ് കോളെജിൽ എത്താൻ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് പരാതിക്കാരൻ വിജിലൻസിനെ സമീപിച്ചത്. ഇതേത്തുടർന്ന് പാലക്കാട് വിജിലൻസ് യൂണിറ്റ് ഡിവൈഎസ്പി ഷംസുദ്ദീന്‍റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ കൈയോടെ പിടി കൂടുകയായിരുന്നു.

പരാതിക്കാരനിൽ നിന്ന് ആറ് മാസം മുൻപ് വസ്തു എൽഎ പട്ടയത്തിൽ പെട്ടതല്ലെന്നുള്ള സർട്ടിഫിക്കറ്റിനായി 10,000 രൂപയും പൊസഷൻ സർട്ടിഫിക്കറ്റിനായി 9,000 രൂപയും കൈക്കൂലിയായി വാങ്ങിയിരുന്നു.

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

ശിവഗിരി, മുത്തങ്ങ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം; എ.കെ. ആന്‍റണി

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ