വേടന്‍റെ പാട്ടിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ചെന്നാരോപണം: പരാതിയുമായി പാലക്കാട് കൗൺസിലർ

 

file image

Kerala

''വേടന്‍റെ പാട്ടിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ചു'', പരാതിയുമായി പാലക്കാട് കൗൺസിലർ

വേടന്‍റെ 'വോയ്സ് ഓഫ് വോയ്സ്‌ലെസ്' എന്ന പാട്ടിൽ പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്ന തരത്തിലുളള പരാമർശങ്ങളുണ്ടെന്നാണ് ആരോപണം.

പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാട്ടിലൂടെ അധിക്ഷേപിച്ചെന്നാരോപിച്ച് റാപ്പർ വേടനെതിരേ എൻഎഐയ്ക്കും ആഭ്യാന്തര വകുപ്പിനും പരാതി. പാലക്കാട് നഗരസഭാ കൗൺസിലർ മിനി കൃഷ്ണകുമാറാണ് പരാതി നൽകിയത്. വേടന്‍റെ 'വോയ്സ് ഓഫ് വോയ്സ്‌ലെസ്' എന്ന പാട്ടിൽ പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്ന തരത്തിലുളള പരാമർശങ്ങളുണ്ടെന്നാണ് ആരോപണം.

പൊതു വ്യക്തിത്വങ്ങളെ അധിക്ഷേപിക്കല്‍, വിദ്വേഷം വളര്‍ത്തല്‍, ജാതി വിവേചനം പ്രോത്സാഹിപ്പിക്കുന്ന ജാതി അധിഷ്ടിത അപകീര്‍ത്തിപ്പെടുത്തല്‍, അക്രമവും വിദ്വേഷവും വളര്‍ത്തുന്നതിന് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളുടെ ഉപയോഗം തുടങ്ങിയ കുറ്റങ്ങളാണ് പരാതിയിൽ ആരോപിച്ചിരിക്കുന്നത്.

ഇന്നത്തെ ആധുനിക കാലഘട്ടത്തിനും ഇന്നത്തെ സര്‍ക്കാരിന്‍റെ വിശ്വാസ്യതയ്ക്കും പറ്റിയ കാര്യമല്ല വേടന്‍റെ വരികളില്‍ ഉള്ളതെന്ന് മിനി കൃഷ്ണകുമാര്‍ പറഞ്ഞു. ഇപ്പോഴാണ് താനിത് കാണുന്നതെന്നും അന്ന് കണ്ടിരുന്നെങ്കില്‍ അന്ന് കേസ് കൊടുക്കുമായിരുന്നുവെന്നും അവര്‍ പറഞ്ഞു.

"പ്രധാനമന്ത്രി കപട ദേശീയവാദിയാണെന്നും വാളെടുത്തവനാണെന്നും ഊരുചുറ്റുന്നവനാണെന്നും പറയുന്നത് എവിടുത്തെ ന്യായമാണ്. അത് ശരിയല്ല. വേടന് എത്രതന്നെ ആവിഷ്‌കാര സ്വാതന്ത്ര്യമുണ്ടെങ്കിലും അയാള്‍ ഒരു ഇന്ത്യന്‍ പൗരനാണ്. ഇന്ത്യയുടെ ഭരണഘടന അനുശാസിക്കുന്ന രീതിയില്‍ നില്‍ക്കണം. മറ്റ് രാജ്യങ്ങളില്‍ ആയിരുന്നെങ്കില്‍ അയാള്‍ ഇന്നെവിടെയായിരിക്കും? ഇന്ന് അടിമത്ത വ്യവസ്ഥിതിയില്ല. എന്തിനാണ് ഇത്തരം കാര്യങ്ങള്‍ ഇപ്പോള്‍ പറയുന്നത്", മിനി ചോദിക്കുന്നു.

ആവിഷ്‌കാര സ്വാതന്ത്ര്യം കാലഘട്ടത്തിന് അനുസൃതമാകണം. അത് നിലവിലുള്ള സമാജത്തിന്‍റെ കെട്ടുറപ്പിന് ദോഷകരമാകരുതെന്നും മിനി കൃഷ്ണകുമാര്‍ കൂട്ടിച്ചേര്‍ത്തു.

ഇതിന് പിറകിലുള്ള ചേതോവികാരം എന്ത് തന്നെയായാലും അത് പുറത്തുകൊണ്ടുവരാനാണ് എന്‍ഐഎയ്ക്ക് പരാതി നല്‍കിയിരിക്കുന്നതെന്നും, ഇത്തരം കാര്യങ്ങള്‍ ധൈര്യത്തില്‍ പറയുന്ന വേടന്‍റെ പശ്ചാത്തലം അറിഞ്ഞിരിക്കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.

കര്‍ഷകരുടെ ശവപ്പറമ്പായി മഹാരാഷ്ട്ര: രണ്ടു മാസത്തിനിടെ ജീവനൊടുക്കിയത് 479 കര്‍ഷകര്‍

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ