പ്രിയങ്ക ഗാന്ധി file
Kerala

പ്രിയങ്ക വയനാട്ടിൽ‌, പത്രികാ സമർപ്പണം ബുധനാഴ്ച

രാഹുലിനും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കുമൊപ്പമാകും റോഡ് ഷോ.

വയനാട്: യുഡിഎഫ് ക്യാംപിന് ആവേശമായി പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി. സോണിയ ഗാന്ധിയും ഭർത്താവ് റോബർട്ട് വാദ്‌രയും പ്രിയങ്കയ്ക്ക് ഒപ്പമുണ്ട്. മൈസൂരുവിൽ നിന്നു റോഡ് മാർഗമാണ് ഇവർ ബത്തേരിയിലെത്തിയത്. മാർഗമധ്യേ ആന റോഡ് മുറിച്ചുകടന്നതിനാൽ പ്രിയങ്കയുടെ വാഹനവ്യൂഹം അൽപ്പസമയം വൈകിയിരുന്നു. എന്നാൽ രാഹുൽ ഗാന്ധിയും കോൺഗ്രസ്‌ അധ്യക്ഷൻ മല്ലികാർജുൻ ഖർഗയും ബുധനാഴ്ചയാണ് വയനാട്ടിലെത്തുക.

വയനാട്ടിലെ യുഡിഎഫ് സ്ഥാനാർഥിയായി നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള പ്രിയങ്ക ഗാന്ധി വാദ്‌രയുടെ റോഡ് ഷോയിൽ കൊടികൾക്കു നിരോധനമില്ലെന്നു കോൺഗ്രസ് വൃത്തങ്ങൾ. ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട്ടിൽ മത്സരിച്ച രാഹുൽ ഗാന്ധിയുടെ റോഡ് ഷോകളിൽ കോൺഗ്രസ് ഉൾപ്പെടെ യുഡിഎഫ് ഘടകകക്ഷികളുടെ കൊടികൾ ഒഴിവാക്കിയത് ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ത്രിവർണ ബലൂണുകൾ മാത്രമാണു രാഹുലിന്‍റെ പരിപാടികളിൽ ഉയർത്തിയത്. ബിജെപിയെ ഭയന്നാണു കോൺഗ്രസ് കൊടി ഒഴിവാക്കിയതെന്ന് അന്നു സിപിഎം ആരോപിച്ചിരുന്നു. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട്ടിൽ രാഹുലിന്‍റെ പ്രചാരണത്തിലുടനീളം കോൺഗ്രസിന്‍റെ കൊടികൾക്കൊപ്പം സഖ്യകക്ഷിയായ മുസ്‌ലിം ലീഗ് തങ്ങളുടെ കൊടി ഉയർത്തിയിരുന്നു.

രാഹുലിന്‍റെ റോഡ് ഷോ ഇന്ത്യയിലോ പാക്കിസ്ഥാനിലോ എന്നു തിരിച്ചറിയാൻ പോലുമാകുന്നില്ലെന്നായിരുന്നു ഇതേക്കുറിച്ച് അന്നു ബിജെപി അധ്യക്ഷനായിരുന്ന അമിത് ഷായുടെ പരിഹാസം. രാഹുലിന്‍റെ റോഡ് ഷോയുടെ ചിത്രങ്ങൾ ഉത്തരേന്ത്യയിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.

ഇതോടെ, കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ എല്ലാത്തരം കൊടികൾക്കും അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തുകയായി രുന്നു യുഡിഎഫ്. പ്രിയങ്ക ബുധനാഴ്ച രാവിലെ 11ന് കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിൽ നിന്നു റോഡ് ഷോയായി എത്തി പത്രിക സമർപ്പിക്കാനാണു തീരുമാനം.

രാഹുലിനും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കുമൊപ്പമാകും റോഡ് ഷോ. ഇത് അവസാനിക്കുന്നിടത്തു നിന്നു പ്രിയങ്കയുടെ അമ്മയും കോൺഗ്രസ് പാർലമെന്‍ററി പാർട്ടി അധ്യക്ഷയുമായ സോണിയ ഗാന്ധി, പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എന്നിവർ ചേരും.

വയനാടിന് എന്നും തന്‍റെ ഹൃദയത്തിൽ പ്രത്യേക സ്ഥാനമുണ്ടെന്നും അവിടേക്ക് തനിക്കു പകരം സഹോദരിയെ അല്ലാതൊരാളെ നിർദേശിക്കാനില്ലെന്നും രാഹുൽ. രണ്ടു മണ്ഡലങ്ങളിൽ വിജയിച്ച രാഹുൽ ഗാന്ധി, യുപിയിലെ റായ്ബറേലി നിലനിർത്തിയതോടെയാണു വയനാട്ടിൽ ലോക്സഭാ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. സിപിഐയുടെ സത്യൻ മൊകേരിയാണ് പ്രിയങ്കയ്ക്കെതിരായ എൽഡിഎഫ് സ്ഥാനാർഥി. ബിജെപിയുടെ യുവ വനിതാ നേതാവ് നവ്യ ഹരിദാസാണ് എൻഡിഎയ്ക്കു വേണ്ടി മത്സരിക്കുന്നത്.

കൂടൽമാണിക്യം കഴകം: അനുരാഗും അമ്മയും പ്രതികരിക്കുന്നു | Video

"അപമാനകരം"; പാക് താരങ്ങൾക്ക് ഹസ്തദാനം നൽകാതിരുന്നതിൽ ആനന്ദ് പട്‌വർധൻ

കർശന നടപടി സ്വീകരിക്കണം; നേതാക്കൾക്കെതിരായ സൈബർ ആക്രമണത്തിൽ കെപിസിസി

ലൈംഗികാതിക്രമ കേസിൽ നീലലോഹിതദാസൻ നാടാരെ ഹൈക്കോടതി കുറ്റവിമുക്തനാക്കി

സ്ഥാപനത്തിനെതിരേ അപകീർത്തികരമോ വ്യാജമോ ആയ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരേ നിയമനടപടി; ഐഐടി