പെരിയാറിലെ മത്സ്യക്കുരുതി: പിസിബി ഓഫീസിനു മുന്നിലേക്ക് ചത്തമീനുകളെറിഞ്ഞ് പ്രതിഷേധം 
Kerala

പെരിയാറിലെ മത്സ്യക്കുരുതി: പിസിബി ഓഫീസിനു മുന്നിലേക്ക് ചത്തമീനുകളെറിഞ്ഞ് പ്രതിഷേധം

കോടികളുടെ നാശനഷ്ടമാണ് തങ്ങൾക്കുണ്ടായതെന്നും ഇത്രയധികം നഷ്ടം ഇതുവരെ മത്സ്യക്കർഷകർക്ക് ഉണ്ടായിട്ടില്ലെന്നുമാണ് മത്സ്യക്കർഷകർ.

കൊച്ചി: പെരിയാറില്‍ രാസമാലിന്യം കലര്‍ന്ന് മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്ത സംഭവത്തില്‍ ഏലൂരിലെ മലിനീകരണ നിയന്ത്രണ ബോർഡിനു (പിസിബി) മുന്നിൽ പ്രതിഷേധവുമായി മത്സ്യക്കർഷകർ. ഉദ്യോ​ഗസ്ഥരുടെ അനാസ്ഥക്കെതിരെ ചത്ത മീനുകളുമായി എത്തിയാണ് മത്സ്യക്കർഷകർ പ്രതിഷേധിക്കുന്നത്. പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഉന്തും തള്ളും വാക്കേറ്റവുമുണ്ടായി. ഇതിനിടെ രോഷാകുലരായ പ്രതിഷേധക്കാർ ഓഫീസിനു മുന്നിലേക്ക് ചത്ത മീന്‍ എറിഞ്ഞു.

മത്സ്യങ്ങളെറിയാനുള്ള ശ്രമം പൊലീസ് ഇടപെട്ട് തടഞ്ഞെങ്കിലും വിജയിച്ചില്ല. കോണ്‍ഗ്രസ്, എഐവൈഎഫ് പ്രവര്‍ത്തകരും പ്രതിഷേധത്തിന് പിന്തുണയുമായി എത്തിയിട്ടുണ്ട്. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍റെ കാര്‍ ഓഫീസിന് മുന്നില്‍വച്ച് പ്രതിഷേധക്കാര്‍ തടഞ്ഞു. സമീപകാലത്തുണ്ടാകാത്ത വിധത്തിലായിരുന്നു ജനരോഷം. കോടികളുടെ നാശനഷ്ടമാണ് തങ്ങൾക്കുണ്ടായതെന്നും ഇത്രയധികം നഷ്ടം ഇതുവരെ മത്സ്യക്കർഷകർക്ക് ഉണ്ടായിട്ടില്ലെന്നുമാണ് പ്രതിഷേധക്കാർ പറയുന്നത്.

പെരിയാറിൽ രാസമാലിന്യം ഒഴുക്കിയതിനെ തുടർന്ന് 150 ലേറെ മത്സ്യക്കൂടുകളാണ് പൂർണ്ണമായി നശിച്ചുപോയതെന്ന് ഫിഷറീസ് വകുപ്പിന്‍റെ പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത്. കൊച്ചി കോർപ്പറേഷൻ മേഖലയിലേക്കും വിഷപ്പുഴ ഒഴുകിയതായി ഫിഷറീസ് വകുപ്പ് റിപ്പോർട്ടിൽ പറയുന്നു. വരാപ്പുഴ, ചേരാനെല്ലൂർ, കടമക്കുടി പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതൽ നഷ്ടമുണ്ടായിരിക്കുന്നത്. ഇതിൽ വരാപ്പുഴയിലാണ് ഏറ്റവും കൂടുതൽ മത്സ്യങ്ങൾ ചത്തത്. കോടികളുടെ നഷ്ടമാണ് മത്സ്യക്കർഷകർക്കുണ്ടായിരിക്കുന്നത്.

ഷൊർണൂർ-എറണാകുളം പാത മൂന്നുവരിയാക്കും; റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്

ഇന്ത്യ 1014, ഗിൽ 430; ജയം 7 വിക്കറ്റ് അകലെ

നീരവ് മോദിയുടെ സഹോദരൻ നെഹാൽ മോദി അമെരിക്കയിൽ അറസ്റ്റിൽ

വിവാഹ വീട്ടിലേക്ക് പുറപ്പെട്ട കാർ മതിലിലേക്ക് ഇടിച്ചു കയറി; പ്രതിശ്രുത വരൻ അടക്കം 8 പേർ മരിച്ചു

നിപ സമ്പർക്കപ്പട്ടികയിൽ ആകെ 425 പേർ; 5 പേർ ഐസിയുവിൽ