തിരുവനന്തപുരം: പാറശാല ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജിയുടെ കട്ടൗട്ടില്‍ പാലഭിഷേകം നടത്താന്‍ എത്തിയ കേരള മെൻസ് അസോസിയേഷൻ പ്രവർത്തകരെ തടഞ്ഞ് പൊലീസ്. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ വച്ചായിരുന്നു സംഭവം സംഘടിപ്പിച്ചിരുന്നത്. സംഘടിച്ചെത്തിയ പ്രവർത്തകർ നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് ജഡ്ജി എ.എം. ബഷീറിന്‍റെ കട്ടൗട്ടില്‍ പാലഭിഷേകം നടത്താൻ ശ്രമിക്കുകയായിരുന്നു.
രാഹുല്‍ ഈശ്വറാണ് പരിപാടി ഉദ്ഘാടനം ചെയ്യാനായി എത്തിയിരുന്നത്. എന്നാല്‍ പൊലീസ് സംഘടനാ പ്രവര്‍ത്തകര്‍ക്ക് നോട്ടീസ് നല്‍കുകയും, കട്ടൗട്ട് നിര്‍മ്മിക്കാനായി കൊണ്ടുവന്ന ഫ്ളക്‌സ് പിടിച്ചെടുക്കുകയും ചെയ്തു.
എന്നാൽ പരിപാടി നടത്തുന്ന വിവരം പൊലീസ് കമ്മീഷണര്‍ ഓഫീസില്‍ അറിയിച്ചിരുന്നതായും, അപ്പോള്‍ പ്രത്യേക നിര്‍ദേശമൊന്നും നല്‍കിയിരുന്നില്ലെന്നും സംഘടനാ നേതാവ് പറയുന്നു. എന്നാല്‍ ഇന്നു പരിപാടിക്കെത്തിയപ്പോള്‍ മ്യൂസിയം എസ്‌ഐയും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും വന്ന് എല്ലാവരുടേയും പേരില്‍ കേസെടുത്ത് അറസ്റ്റ് ചെയ്യുമെന്നും നോട്ടീസ് ഒപ്പിട്ടു വാങ്ങുകയും ചെയ്യുകയായിരുന്നു എന്ന് പ്രവര്‍ത്തകര്‍ പറയുന്നു.
നേരത്തെ കാക്കനാട് ജയിലിന് മുന്നിൽ പടക്കം പൊട്ടിച്ച് ബോബി ചെമ്മണ്ണൂരിന് ജാമ്യം ലഭിച്ചത് ആഘോഷിക്കാനെത്തിയപ്പോഴും പൊലീസ് കേരള മെൻസ് അസോസിയേഷൻ പ്രവർത്തകരെ തടഞ്ഞിരുന്നു.