ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ.
File photo
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സ്ത്രീകളോടുള്ള മോശം പെരുമാറ്റത്തിന്‍റെ പേരിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിയേണ്ടിവന്ന രാഹുൽ മാങ്കൂട്ടത്തിലിന് പാലക്കാട് എംഎൽഎ സ്ഥാനവും രാജിവച്ചൊഴിയാൻ പാർട്ടിയിൽ സമ്മർദമേറുന്നു. ദിവസേന പുതിയ വെളിപ്പെടുത്തലുകളുണ്ടാകുന്നതും നേതാക്കൾ ഇതിന് മറുപടി പറയേണ്ട അവസ്ഥയും ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനടക്കം ഒരു വിഭാഗം രാജി ആവശ്യം ഉന്നയിച്ചിരിക്കുന്നത്. പാർട്ടി നേതാക്കളുമായി നടത്തിയ ചർച്ചയിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇതേ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
ഇതിനൊപ്പം, ഒപ്പമുണ്ടായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരടക്കം രാഹുലിനെ തള്ളിപ്പറയുന്ന ശബ്ദരേഖകളും പുറത്തുവന്നതോടെ എംഎൽഎ സ്ഥാനം രാജിവച്ച് കോൺഗ്രസിന്‍റെ മുഖം രക്ഷിക്കണമെന്ന ആവശ്യമാണ് നേതാക്കൾ രാഹുലിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകൾ വരാനിരിക്കെ കോൺഗ്രസിന്‍റെ പേരിൽ ഓരോ ദിവസവും വിവാദങ്ങൾ രൂപപ്പെടുകയും നേതാക്കൾ പ്രതികരിക്കേണ്ടി വരുന്നതും പാർട്ടിക്കു ഭൂഷണമല്ലെന്നും ഒഴിയുകയാണ് നല്ലതെന്നും എ ഗ്രൂപ്പിലെ രാഹുലിനോട് ചേർന്ന് നിൽക്കുന്ന നേതാക്കളും ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, എംഎൽഎ സ്ഥാനം രാജിവയ്ക്കില്ലെന്ന ഉറച്ച നിലപാടാണ് രാഹുൽ. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചതിലൂടെ ധാർമികമായി ചെയ്യാവുന്ന ഏറ്റവും വലിയ കാര്യം ചെയ്തെന്ന് പറഞ്ഞ് രാഹുലിന്‍റെ മെന്‍റർ ഷാഫി പറമ്പിൽ എംപി സംരക്ഷണം തീർക്കുകയും ചെയ്തതോടെ വിഷയത്തിലെ പാർട്ടിയിലെ ഭിന്നതയും മറനീക്കി.
രാജി എന്തിനെന്ന ചോദ്യമാണ് കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയും ഉയർത്തുന്നതെന്നതിനാൽ രാഹുലിനെ സംരക്ഷിച്ച് വളർത്തിക്കൊണ്ടുവന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ തീരുമാനത്തെ കോൺഗ്രസിൽ എത്രപേർ അനുകൂലിക്കുമെന്നത് കണ്ടറിയണം.
അതിനിടെ, രാഹുലിന്‍റെ പുതിയ ശബ്ദരേഖ പുറത്തുവന്നതും രാജിവയ്ക്കാൻ സാധ്യത എന്ന അഭ്യൂഹങ്ങൾ പരന്നതും കണക്കിലെടുത്ത് രാഹുൽ അടൂരിലെ വീട്ടിൽ നടത്താനിരുന്ന വാർത്താസമ്മേളനം അവസാന നിമിഷം റദ്ദാക്കിയിരുന്നു. വിഷയത്തിൽ ഇപ്പോൾ വിശദീകരണം നൽകേണ്ടതില്ലെന്നതാണ് പാർട്ടി നിലപാടെന്നാണ് വിവരം. ആരോപണം ശക്തമായതോടെ പാലക്കാട്ടെ പരിപാടികൾ റദ്ദാക്കി ദിവസങ്ങളായി രാഹുൽ വീട്ടിൽ തുടരുകയാണ്.
ആരോപണങ്ങളില്‍ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ഗർഭച്ഛിദ്രമടക്കം പുറത്തുവന്ന ഫോൺ സംഭാഷണങ്ങളിൽ ഡിജിപിയോടു കമ്മിഷൻ റിപ്പോര്‍ട്ട് തേടി. അനുബന്ധ തെളിവുകള്‍ ലഭിച്ചാല്‍ കൂടുതല്‍ നടപടികളിലേക്ക് കടക്കുമെന്നാണ് വിവരം.