വന്യ ജീവി ആക്രമണം: സർക്കാർ വീഴ്ച വരുത്തിയെന്ന് പ്രിയങ്ക 
Kerala

വന്യ ജീവി ആക്രമണം: സർക്കാർ വീഴ്ച വരുത്തിയെന്ന് പ്രിയങ്ക

രാധയുടെ കുടുംബത്തെ ആശ്വസിപ്പിച്ച് വയനാട് എംപി

വയനാട്: വന്യജീവി ആക്രമണത്തിൽ നിന്നു ജനങ്ങളെ സംരക്ഷിക്കേണ്ടത് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഉത്തരവാദിത്വമെന്നു പ്രിയങ്ക ഗാന്ധി വാദ്‌ര എംപി. എന്നാൽ, ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കുന്നതിലും പണം അനുവദിക്കുന്നതിലും ഇരു സർക്കാരുകളും വീഴ്ച വരുത്തുകയാണെന്നും അവർ. കൽപ്പറ്റയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന മലയോര സമര യാത്രയെ അഭിസംബോധന ചെയ്യുകയായിരുന്നു വയനാട് എംപി കൂടിയായ പ്രിയങ്ക.

വന്യജീവി- മനുഷ്യ സംഘർഷം സങ്കീർണമായ പ്രശ്നമാണ്. സമഗ്രമായ നടപടികൾ വേണ്ടിവരും. കിടങ്ങ്-വേലി നിർമാണം, നിരീക്ഷണത്തിന് കൂടുതൽ ജീവനക്കാർ തുടങ്ങി ഒട്ടേറെ മേഖലകളിൽ സർക്കാരിന്‍റെ ശ്രദ്ധ പതിയേണ്ടതുണ്ട്. എന്നാൽ, ഇതിനൊന്നും പണം ലഭിക്കുന്നില്ലെന്നാണു ജില്ലാ അധികൃതരോടു സംസാരിച്ചപ്പോൾ വ്യക്തമായതെന്നും പ്രിയങ്ക പറഞ്ഞു.

നേരത്തേ, മാനന്തവാടിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ കുടുംബാംഗങ്ങളെ പ്രിയങ്ക സന്ദർശിച്ചു. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപിയുൾപ്പെടെ നേതാക്കൾക്കൊപ്പമാണു പ്രിയങ്ക, രാധയുടെ വീട്ടിലെത്തിയത്. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച പ്രിയങ്ക, വന്യജീവി ആക്രമണം തടയാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് ഉറപ്പുനൽകി. പിന്നീട് കലക്റ്ററേറ്റിൽ ചേർന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ പങ്കെടുത്തു.

ഉച്ചയ്ക്ക് രണ്ടിന് ആത്മഹത്യ ചെയ്ത ഡിസിസി ട്രഷറർ എൻ.എം.വിജയന്‍റെ കുടുംബാംഗങ്ങളെയും പ്രിയങ്ക സന്ദർശിച്ചു. കുടുംബാംഗങ്ങൾക്ക് എല്ലാ പിന്തുണയും അറിയിച്ച പ്രിയങ്ക, സാമ്പത്തിക പ്രശ്നങ്ങൾക്കു പരിഹാരം കാണുമെന്നും അറിയിച്ചു. വിജയന്‍റെയും മകൻ ജിജേഷിന്‍റെയും ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കാൻ കോൺഗ്രസ് നിയോഗിച്ച കമ്മിഷന്‍റെ റിപ്പോർട്ട് വന്നശേഷം ഉചിതമായ നടപടിയെടുക്കും. ഇതിനുശേഷം വിളിക്കാമെന്ന് ഉറപ്പുനൽകിയാണു പ്രിയങ്ക മടങ്ങിയതെന്നു കുടുംബാംഗങ്ങൾ.

നേരത്തേ, കണ്ണൂരിൽ വിമാനമിറങ്ങി റോഡ് മാർഗമാണു പ്രിയങ്ക വയനാട്ടിലേക്കെത്തിയത്. മാനന്തവാടി കണിയാരത്ത് സിപിഎം പ്രവർത്തകർ പ്രിയങ്കയെ കരിങ്കൊടി കാണിച്ചു. എം പി മണ്ഡലത്തിൽ എത്തുന്നില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.

വിംബിൾഡണിൽ കന്നി കീരിടം നേടി ഇഗ സ്വിയാടെക്ക്

''രാഷ്ട്രീയ കൂട്ടുക്കച്ചവടം അനുവദിക്കില്ല''; പി.കെ. ശശിക്കെതിരേ ഡിവൈഎഫ്ഐ

പോക്സോ കേസ്; മുനിസിപ്പൽ കൗൺസിലർ അറസ്റ്റിൽ

ഒടുവിൽ ജെഎസ്കെയ്ക്ക് പ്രദർശനാനുമതി; എട്ട് മാറ്റങ്ങൾ

മൂന്നാം ടെസ്റ്റ്: രാഹുലിന് സെഞ്ചുറി, പന്ത് 74 റണ്ണൗട്ട്