ശ്രീനാദേവി കുഞ്ഞമ്മ
ആലപ്പുഴ: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിലെ അതിജീവിതയ്ക്കെതിരേ വ‍്യക്തിഹത‍്യ നടത്തുന്ന രീതിയിൽ വിഡിയോ ചെയ്തതിന് കോൺഗ്രസ് നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് മെമ്പറുമായ ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ പരാതി.
ശ്രീനാദേവി കുഞ്ഞമ്മ സമൂഹമാധ‍്യമങ്ങളിൽ വിഡിയോ പോസ്റ്റ് ചെയ്തതിനു പിന്നാലെ രൂക്ഷമായി സൈബർ ആക്രമണം നേരിടുന്നുവെന്നാണ് അതിജീവിത ഡിജിപിക്ക് നൽകിയ പരാതിയിൽ പറയുന്നത്. ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ കേസെടുക്കണമെന്നാണ് അതിജീവിതയുടെ ആവശ‍്യം. രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ചുകൊണ്ടായിരുന്നു ശ്രീനാദേവി കുഞ്ഞമ്മ സമൂഹമാധ‍്യമത്തിലൂടെ വിഡിയോ പങ്കുവച്ചത്.
അതിജീവിതയ്‌ക്കൊപ്പം നില്‍ക്കുമ്പോള്‍ തന്നെ, പ്രതിസന്ധിയെ നേരിടാൻ അതിജീവിതന് മനക്കരുത്ത് ഉണ്ടാകട്ടെ എന്നായിരുന്നു ശ്രീനാദേവി ഫെയ്സ് ബുക്ക് ലൈവിലൂടെ പറഞ്ഞത്. രാഹുലിനെതിരേ മാധ്യമങ്ങൾ ഇല്ലാ കഥകൾ മെനയുകയാണ്. സത്യത്തിനൊപ്പമാണ് നിൽക്കുന്നത്. അത് അവൾക്കൊപ്പമാണോ അവനൊപ്പമാണോ എന്നത് നീതിന്യായ കോടതി തീരുമാനിക്കട്ടെ എന്നും അവർ പ്രതികരിച്ചു.
മൂന്നാം പരാതിയില്‍ പെണ്‍കുട്ടി ഉപദ്രവിക്കപ്പെട്ടു എന്ന് പറയുന്നു, അതില്‍ വേദനയുണ്ട്. എന്നാല്‍ പീഡനത്തിന് ശേഷം പ്രതിക്ക് ചെരുപ്പ് വാങ്ങി നല്‍കുകയും ഫ്‌ളാറ്റ് വാങ്ങാന്‍ ശ്രമിക്കുകയും ചെയ്തു എന്നൊക്കെയുള്ള മൊഴികള്‍ കേള്‍ക്കുമ്പോള്‍ ചില സംശയങ്ങള്‍ തോന്നുന്നില്ലേ? കുടുംബം ഒരാള്‍ക്ക് മാത്രമല്ല, ഇപ്പുറത്തുമുണ്ട്. എന്നാല്‍ രണ്ടാള്‍ക്കും ഒരേ പരിഗണന ലഭിക്കുന്നില്ല. അതിജീവിതമാര്‍ക്കൊപ്പം നില്‍ക്കാനാണ് താന്‍ ആഗ്രഹിക്കുന്നത്. പ്രഥമദൃഷ്ട്യാ തെറ്റ് കണ്ടതിനാലാകാം പൊലീസ് അറസ്റ്റ് ചെയ്തത്.
എന്നാല്‍ സത്യം പുറത്തുവരുന്നത് വരെ രാഹുല്‍ ക്രൂശിക്കപ്പെടാന്‍ പാടില്ലെന്നും ശ്രീനാദേവി കുഞ്ഞമ്മ കൂട്ടിച്ചേര്‍ത്തു. രാഹുൽ മാങ്കൂട്ടത്തിലുമായി യാതൊരു ബന്ധവും പാർട്ടിയ്ക്ക് ഇല്ലെന്ന് യുഡിഎഫ് നേത്യത്വം ആവർത്തിച്ചുപറയുമ്പോഴാണ് ജില്ലാ പഞ്ചായത്തംഗത്തിന്‍റെ പരസ്യ പിന്തുണ ഉണ്ടായിരിക്കുന്നത്. ഇതിന് മുൻപും രാഹുലിനെ പിന്തുണച്ചുകൊണ്ട് ശ്രീനാ ദേവി രംഗത്തെത്തിയിരുന്നു.