രാഹുൽ മാങ്കൂട്ടത്തിൽ
file image
തിരുവനന്തപുരം: എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരേയുള്ള മൂന്നാമത്തെ ബലാത്സംഗക്കേസിൽ ജാമ്യ ഹർജി തള്ളി തിരുവല്ല ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി. ജഡ്ജി അരുദ്ധതി ദിലീപാണ് ജാമ്യഹർജി തള്ളിക്കൊണ്ട് ഉത്തരവിട്ടത്. പ്രോസിക്യൂഷന് വേണ്ടി അസിസ്റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടർ എം.ജി. ദേവിയാണ് കോടതിയിൽ ഹാജരായത്. പ്രതിഭാഗത്തിനു വേണ്ടി ശാസ്തമംഗലം അജിത് കുമാറാണ് ഹാജരായത്.
കേസിന്‍റെ ഗൗരവസ്വഭാവം പരിഗണിച്ച് അടച്ചിട്ട മുറിയിലാണ് കോടതി വാദം കേട്ടത്. പ്രതിയും പരാതിക്കാരിയും തമ്മിലെ ചാറ്റ് വിവരങ്ങള്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിഭാഗം എല്ലാം പരസ്പര സമ്മതത്തോടെയാണെന്നാണ് വാദിച്ചത്. എന്നാൽ, രാഹുലിന് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ എതിര്‍ത്തു.
രാഹുല്‍ നിരന്തരം കുറ്റം ചെയ്യുന്നയാളാണെന്നും തുടർച്ചയായി പരാതികള്‍ ഉയരുന്നതായും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ നടപടികള്‍ പുരോഗമിക്കുന്നതായും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ചയാണ് മൂന്നാമത്തെ ബലാത്സംഗ കേസിൽ രാഹുലിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. പത്തനംതിട്ട സ്വദേശിയാണ് പരാതിക്കാരി. ബലാത്സംഗം, ഗർഭഛിദ്രം അടക്കമുള്ള കുറ്റങ്ങളാണ് രാഹുലിനെതിരേ ആരോപിക്കപ്പെട്ടിരിക്കുന്നത്.