വാഹനാപകടത്തിൽ മരിച്ച കൊല്ലം സുധിയുടെ ഭാര്യ രേണു സുധിക്കെതിരേ ഉയരുന്ന സൈബർ ആക്രമണത്തിൽ പ്രതികരണവുമായി കുടുംബത്തിന് വീടുവച്ചു നൽകിയ കേരള ഹോം ഡിസൈൻ ഗ്രൂപ്പ്. ബിഷപ്പ് നൽകിയ സ്ഥലത്തിലും വീടിലും സുധിയുടെ രണ്ടു മക്കൾക്കു മാത്രമേ അവകാശമുള്ളൂ എന്ന് വ്യക്തമാക്കിയ കേരള ഹോം ഡിസൈൻ ഗ്രൂപ്പ്, രേണു അവർക്ക് ഇഷ്ടമുള്ള തൊഴിൽ ചെയ്ത് ജീവിക്കട്ടെ എന്നും ഫെയ്സ് ബുക്ക് പോസ്റ്റിൽ അഭിപ്രായപ്പെട്ടു.
ഇത്തരമൊരു പോസ്റ്റിന് കാരണം രേണു അഭിനയിച്ച വീഡിയോയിൽ തന്നെ മെൻഷൻ ചെയ്ത് ആളുകൾ ഷെയർ ചെയ്യുന്നതാണെന്നും പല സമയത്തും പലരും ഉന്നയിച്ച ഒരു ആശങ്കകൾക്ക് വിരാമമിടുക കൂടിയാണ് ലക്ഷ്യമെന്നും കേരള ഹോം ഡിസൈൻ ഗ്രൂപ്പിലെ ഫിറോസ് വ്യക്തമാക്കി.
വീടും സ്ഥലവും മാത്രമാണ് അവർക്ക് കിട്ടിയത്, അതുകൊണ്ട് അവരുടെ വയർ നിറയില്ലല്ലോ. അവർ അവരുടെ ജീവിതം എങ്ങനെയെങ്കിലും ജീവിക്കട്ടെ, നമ്മളെന്തിനു സദാചാര പൊലീസാവുന്നു. നമ്മുടെ കടമ നമ്മൾ നിറവേറ്റി കഴിഞ്ഞുവെന്നും ഫിറോസ് അഭിപ്രായപ്പെട്ടു.
''സുധിക്ക് വീടുവച്ചു നൽകുന്നതുമായി ബന്ധപ്പെട്ട ആദ്യ മീറ്റിഗിൽ ഞങ്ങൾ ഒന്നിച്ചെടുത്ത തീരുമാനം "മരണ പെട്ടു പോയ കൊല്ലം സുധിയുടെ രണ്ടു മക്കൾക്ക് മാത്രമാണു ബഹുമാനപ്പെട്ട ബിഷപ്പ് നൽകിയ സ്ഥലത്തിനും അവിടെ ഞങ്ങൾ നൽകിയ വീടിനും അവകാശം ഉള്ളൂ എന്നതാണു"
ആ വീടും സ്ഥലവും 15 വർഷത്തേക്ക് വിൽക്കാനൊ കൈമാറാനൊ സാധിക്കുകയും ഇല്ല എന്നതും ആ ആധാരത്തിൽ വ്യക്തമായ് എഴുതി ചേർത്തിട്ടുള്ളതാണു.
പറഞ്ഞ് വന്നത് ഇത്രയാണു, കൊല്ലം സുധിയുടെ കുടുംബത്തിനു ഞങ്ങൾ നൽകിയ വീടിന്‍റെ പരിപൂർണ്ണ അവകാശികൾ അദ്ദേഹത്തിന്‍റെ രണ്ട് മക്കൾ മാത്രമാണു മറ്റാർക്കും ആ വീടിനൊ സ്വത്തിനൊ ഒരു അവകാശവും ഇല്ല, ആ കുട്ടികളെ ആരും ആ വീട്ടിൽ നിന്നും അടിച്ചിറക്കുമെന്ന ആശങ്ക ആർക്കും വേണ്ട.
നമുക്ക് എല്ലാവർക്കും ഉള്ള അതേ ജനാധിപത്യ സ്വാതന്ത്ര്യം കൊല്ലം സുധിയുടെ കുടുംബാഗങ്ങൾക്കും ഉണ്ടെന്ന കാര്യവും കൂട്ടി ചേർക്കുന്നു. അവരുടെ കുടുംബത്തെ നോക്കാൻ അവർ ജോലി ചെയ്യട്ടെ, വീടും സ്ഥലവും മാത്രം ആണു അവർക്ക് കിട്ടിയത്, അത് കൊണ്ട് അവരുടെ വയർ നിറയില്ലല്ലൊ.
അവർ അവരുടെ ജീവിതം എങ്ങിനെയെങ്കിലും ജീവിക്കട്ടെ, നമ്മളെന്തിനു സദാചാര പോലീസാവുന്നു. നമ്മുടെ കടമ നമ്മൾ നിറവേറ്റി കഴിഞ്ഞു " - ഫിറോസ് ഫെയ്സ് ബുക്കിൽ കുറിച്ചു...
കഴിഞ്ഞ ദിവസമാണ് ഇൻസ്റ്റഗ്രാമിൽ റീൽ പങ്കുവഹിച്ചത്. ഇതിനു പിന്നാലെ കടുത്ത സൈബർ ആക്രമണമാണ് രേണുവിന് നേരിടേണ്ടി വന്നത്. ഇത് വെറും അഭിനയമാണെന്ന് മനസിലാക്കാത്തെന്താണെന്നും ഇത് തന്‍റെ തൊഴിലാണെന്നും രേണു മോശം കമന്‍റുകളോട് പ്രതികരിച്ചു.