ശബരിമല
file image
പത്തനംതിട്ട: ശബരിമലയിലെ ആടിയ ശിഷ്ടം നെയ്യ് വിൽപ്പനയുമായി ബന്ധപ്പെട്ട ക്രമക്കേടിൽ സന്നിധാനത്തെ ഓഫിസിൽ ഉൾപ്പെടെ 4 സ്ഥലങ്ങളിൽ വിജിലൻസ് പരിശോധന. കഴിഞ്ഞ ദിവസം ഹൈക്കോടതിയുടെ നിർദേശ പ്രകാരം വിജിലൻസ് കേസെടുത്തിരുന്നു.
ഇതിനു പിന്നാലെയാണ് വിജിലൻസിന്‍റെ മിന്നൽ പരിശോധന. കെഎസ്ഇബി ഉദ‍്യോഗസ്ഥരുടെ വീടുകളിലും ഓഫിസുകളിലും അടക്കം സംസ്ഥാന വ‍്യാപകമായാണ് പരിശോധന നടക്കുന്നത്.
എസ്പി മഹേഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള പ്രത‍്യേക സംഘത്തിനാണ് കേസിന്‍റെ അന്വേഷണ ചുമതല. പ്രാഥമിക പരിശോധനയിൽ 3,624,000 രൂപയുടെ ക്രമക്കേട് കണ്ടെത്തിയതായി വിജിലൻസ് നേരത്തെ വ‍്യക്തമാക്കിയിരുന്നു. ശാന്തിക്കാരും ജീവനക്കാരും ഉൾപ്പടെ 33 പേരാണ് കേസിലെ പ്രതികൾ.
13,679 പാക്കറ്റ് നെയ്യ് വിറ്റതിന്‍റെ പണം ദേവസ്വം അക്കൗണ്ടിലെത്തിയിട്ടില്ല. ഈ വകയിൽ 13 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്ക്. ആടിയ നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ സുനിൽകുമാർ പോറ്റിയെ സസ്പെൻഡ് ചെയ്തതായി ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.
നെയ്യഭിഷേകത്തിന് അവസരം ലഭിക്കാത്ത ഭക്തരാണ് ആടിയ ശിഷ്ടം നെയ്യ് വാങ്ങുന്നത്. ഒരു പാക്കറ്റിന് 100 രൂപയാണ് വില. ടെംപിൾ സ്പെഷ‍്യൽ ഓഫിസർ ഏറ്റുവാങ്ങിയാണ് വിൽപ്പനയ്ക്കായി കൗണ്ടറിലേക്ക് നൽകുന്നത്. വിൽപ്പനയ്ക്കെത്തിച്ച നെയ്യുടെ കണക്കും തിരികെ അടച്ച പണത്തിലും വ്യത്യാസം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ക്രമക്കേട് ശ്രദ്ധയിൽപ്പെട്ടത്.