കീഴ്വഴക്കമനുസരിച്ചാണ് വാജിവാഹനം കൈമാറിയതെന്നാണ് അന്നത്തെ ബോർഡ് അംഗവും കോൺഗ്രസ് നേതാവുമായ അജയ് തറയിൽ അവകാശപ്പെടുന്നത്.

 
Kerala

ശബരിമല തട്ടിപ്പ്: അന്വേഷണം കോൺഗ്രസിലേക്കും

ശബരിമലയിലെ കൊടിമരം മാറ്റിസ്ഥാപിച്ചതും പഴയ കൊടിമരത്തിലെ വാജിവാഹനം തന്ത്രി വീട്ടിൽ കൊണ്ടുപോയതുമുൾപ്പെടെയുള്ള വിഷയങ്ങൾ പരിശോധിക്കുന്നുണ്ട്. അന്വേഷണം കോൺഗ്രസിലേക്കെത്തുമെന്ന സൂചനയാണ് ഇതു നൽകുന്നത്

Thiruvananthapuram Bureau

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ശബരിമലയിലെ കൊടിമരം പുനരുദ്ധാരണത്തിന്‍റെ ഭാഗമായി മാറ്റിയ വാജിവാഹനം തന്ത്രിക്ക് സമർപ്പിച്ചത് ചട്ടവിരുദ്ധമെന്ന് വ്യക്തമാക്കുന്ന ഉത്തരവ് പുറത്തായതോടെ കോൺഗ്രസ് വെട്ടിൽ. കോൺഗ്രസ് നേതൃത്വത്തിലെ ബോർഡ് ഭരണ സമിതിയാണ് വാജിവാഹനം തന്ത്രിക്ക് കൈമാറിയത്. ഇതു വിവാദമായതോടെ കീഴ്വഴക്കമനുസരിച്ചാണ് വാജിവാഹനം കൈമാറിയെന്ന് വിശദീകരിച്ച് അന്നത്തെ ബോർഡ് അംഗവും കോൺഗ്രസ് നേതാവുമായ അജയ് തറയിൽ രംഗത്തെത്തിയിരുന്നു.

തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ ക്ഷേത്രങ്ങളുമായും ബന്ധപ്പെട്ട ഉത്തരവാണിപ്പോൾ പുറത്തുവന്നത്. ശബരിമലയിലെ ഭൗതികവസ്തുക്കള്‍ ദേവസ്വം ബോർഡ് സ്വത്തായി സൂക്ഷിക്കണമെന്നാണ് 2012ലെ ഉത്തരവിൽ പറയുന്നത്. വാജിവാഹനം തന്ത്രിക്ക് കൈമാറാൻ വ്യവസ്ഥയില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. ശബരിമലയിലെ കൊടിമരം മാറ്റിസ്ഥാപിച്ചതും പഴയ കൊടിമരത്തിലെ വാജിവാഹനം തന്ത്രി വീട്ടിൽ കൊണ്ടുപോയതുമുൾപ്പെടെയുള്ള വിഷയങ്ങൾ പ്രത്യേക അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. അന്വേഷണം കോൺഗ്രസിലേക്കെത്തുമെന്ന സൂചനയാണ് ഇതു നൽകുന്നത്.

2017ൽ മാറ്റി സ്ഥാപിച്ച കൊടിമരത്തിന്‍റെ വാജിവാഹനമാണ് 2019ൽ തന്ത്രി കണ്ഠരര് രാജീവർക്ക് കൈമാറിയത്. തന്ത്രി അറസ്റ്റിലായതിന് പിന്നാലെ കഴിഞ്ഞയാഴ്ചയാണ് തന്ത്രിയുടെ വീട്ടിൽ നിന്ന് അന്വേഷണ സംഘം വാജിവാഹനം കണ്ടെടുത്തത്.

അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പ്രയാർ ഗോപാലകൃഷ്ണന്‍റെ നേതൃത്വത്തിൽ അജയ് തറയിൽ അംഗമായിട്ടുള്ള ദേവസ്വം ബോർഡായിരുന്നു വാജി വാഹനം സൂക്ഷിക്കേണ്ടിയിരുന്നത്. എന്നാൽ, അത് തന്ത്രി കണ്ഠര് രാജീവർക്ക് കൊടുത്തുവിടുകയായിരുന്നു.

വാജിവാഹനം കൊടുത്തുവിട്ടത് തന്ത്രവിധി പ്രകാരമായിരുന്നെന്ന് പ്രതികരിച്ച അജയ് തറയിൽ ഉത്തരവിനെക്കുറിച്ച് അറിയില്ലെന്നും തന്ത്രിക്ക് കൈമാറിയതിൽ തെറ്റില്ലെന്നുമാണ് വിശദീകരിക്കുന്നത്. എന്നാൽ, നിയമപരിമായ ഉത്തരവ് നിലനിൽക്കുന്നതിനാൽ അന്വേഷണ സംഘത്തിന്‍റെ നീക്കങ്ങൾ അജയ് തറയിലിന് കുരുക്കായേക്കും.

1971ൽ നിർമിച്ച കൊടിമരം ചിതലരിച്ചെന്ന് പറഞ്ഞാണ് 2017ൽ മാറ്റിസ്ഥാപിച്ചത്. തേക്കിൽ തീർത്ത, സ്വർണം പൊതിഞ്ഞ കൊടിമരമാണ്‌ സ്ഥാപിച്ചത്‌. വാജിവാഹനം തന്ത്രിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയെങ്കിലും പഴയ കൊടിമരത്തിലെ അഷ്ടദിക്‌പാലകരെ കണ്ടെത്താൻ ഇതുവരെ എസ്‌ഐടിക്ക്‌ കഴിഞ്ഞിട്ടില്ല. പഴയ കൊടിമരം മാറ്റാൻ തീരുമാനിച്ച യുഡിഎഫ് സർക്കാരിന്‍റെ കാലത്തെ ഇടപെടലുകളും ഉന്നതബന്ധങ്ങളും എസ്‌ഐടിയുടെ അന്വേഷണത്തിന്‍റെ പരിധിയിൽ വരും.

ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസ്: സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കും

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ജാമ്യ ഹർജിയിൽ ശനിയാഴ്ച വിധി

നിതിൻ നബീൻ ബിജെപി പ്രസിഡന്‍റായേക്കും

ഇറാനിൽ കുടുങ്ങിക്കിടക്കുന്നത് 12 മലയാളി വിദ്യാർഥികൾ

ഇസ്രയേലിലെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശം നൽകി ഇന്ത്യൻ എംബസി