ശബരിമല സ്വർണക്കൊള്ള; പദ്മകുമാർ റിമാൻഡിൽ

 
Kerala

ശബരിമല സ്വർണക്കൊള്ള; പദ്മകുമാർ റിമാൻഡിൽ

കേസില്‍ എട്ടാം പ്രതിയായി പദ്മകുമാര്‍ അധ്യക്ഷനായ 2019ലെ ബോര്‍ഡിനെ അന്വേഷണ സംഘം പ്രതി ചേര്‍ത്തിരുന്നു

Namitha Mohanan

ശബരിമല സ്വർണക്കൊള്ള; പദ്മകുമാറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

തിരുവനന്തപുരം: ശബരിമല സന്നിധാനത്തെ സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ മുന്‍ പ്രസിഡന്‍റും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗവും കോന്നി മുന്‍ എംഎല്‍എയുമായ എ. പദ്മകുമാറിനെ റിമാൻഡ് ചെയ്തു. വിജിലൻസ് കോടതി 14 ദിവസത്തേക്കാണ് പത്മകുമാറിനെ റിമാൻഡ് ചെയ്തത്. തിരുവനന്തപുരം ജയിലിലാണ് വാസം.

ശ്രീകോവിലിന്‍റെ കട്ടിളയിലെ സ്വർണം കവർന്ന കേസില്‍ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം (എസ്എടി) 2019ൽ പ്രസിഡന്‍റായിരുന്ന പദ്മകുമാറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

വ്യാഴാഴ്ച രാവിലെ ഇദ്ദേഹം എസ്ഐടിക്കു മുന്നില്‍ ഹാജരായി. എസ്പി ശശിധരന്‍റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. ഒന്നാം പ്രതിയായ ഇടനിലക്കാരൻ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി നടത്തിയ സാമ്പത്തിക ഇടപാടുകൾ ഉള്‍പ്പടെയുള്ള വിവരങ്ങളാണ് ചോദിച്ചത്. 2019‌ല്‍ സന്നിധാനത്തെ ദ്വാരപാലക ശില്‍പങ്ങളും കട്ടിളകളും അറ്റകുറ്റപ്പണിക്ക് പോറ്റി കൊണ്ടുപോകുമ്പോള്‍ പ്രസിഡന്‍റായിരുന്നത് പദ്മകുമാറാണ്. പോറ്റിയെ സഹായിക്കാന്‍ പദ്മകുമാര്‍ നിര്‍ബന്ധിച്ചെന്ന് ദേവസ്വം ജീവനക്കാര്‍ എസ്എടിക്ക് മൊഴി നല്‍കിയിരുന്നു.

പദ്മകുമാർ ബോർഡ് പ്രസിഡന്‍റായിരുന്നപ്പോൾ എന്‍. വാസുവായിരുന്നു ദേവസ്വം ബോര്‍ഡ് കമ്മിഷണർ. പോറ്റിയും പദ്മകുമാറും തമ്മിലുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവ് ശേഖരിക്കാനുള്ളതിനാലാണ് അറസ്റ്റ് വൈകിയത്. നേരത്തേ അറസ്റ്റിലായ മുരാരി ബാബു മുതല്‍ എന്‍. വാസു വരെ എല്ലാവരുടെയും മൊഴികൾ ഇദ്ദേഹത്തിനെതിരാണ്. പദ്മകുമാര്‍ പറഞ്ഞിട്ടാണ് സ്വര്‍ണം ചെമ്പാക്കി ഉത്തരവിറക്കിയതെന്നാണ് ഇവരുടെ മൊഴികളിലുള്ളതെന്നു സൂചനയുണ്ട്.

കേസില്‍ എട്ടാം പ്രതിയായി പദ്മകുമാര്‍ അധ്യക്ഷനായ 2019ലെ ബോര്‍ഡിനെ പ്രതി ചേര്‍ത്തിരുന്നു. കെ.ടി. ശങ്കർദാസ്, പാലവിള എന്‍. വിജയകുമാര്‍ എന്നിവരായിരുന്നു അന്നത്തെ ബോര്‍ഡ് അംഗങ്ങള്‍. രണ്ടു തവണ നോട്ടീസ് നൽകിയിട്ടും പദ്മകുമാർ എഎസ്എടിക്കു മുന്നിൽ ഹാജരായിരുന്നില്ല. വ്യാഴാഴ്ച ആറന്മുളയിലെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തേക്കും എന്ന സൂചന കിട്ടിയതോടെയാണ് നേരിട്ടെത്തിയത്. വാസു അറസ്റ്റിലായതിനു ശേഷം അന്വേഷണം പദ്മകുമാറിനെ കേന്ദ്രീകരിച്ചായിരുന്നു. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട ആറാമത്തെ അറസ്റ്റാണിത്. സ്‌പോണ്‍സറും ഇടനിലക്കാരനുമായ ഉണ്ണികൃഷ്ണന്‍ പോറ്റി, ദേവസ്വം മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ മുരാരി ബാബു, തിരുവാഭരണം മുന്‍ കമ്മിഷണര്‍ കെ.എസ്. ബൈജു, മുന്‍ എക്‌സിക്യൂട്ടീവ് ഓഫ‌ിസര്‍ ഡി. സുധീഷ് കുമാര്‍, മുന്‍ ദേവസ്വം കമ്മിഷണറും മുന്‍ പ്രസിഡന്‍റുമായ എന്‍. വാസു എന്നിവരാണ് നേരത്തേ അറസ്റ്റിലായത്. വാസുവിന്‍റെ റിമാൻഡ് കാലാവധി അവസാനിച്ചെങ്കിലും കോടതി ഒരു ദിവസത്തേക്കു കൂടി പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇയാളെ പദ്മകുമാറിനൊപ്പം ഇരുത്തി ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്.

സംശയ നിഴലിൽ നേതാക്കൾ; തെരഞ്ഞെടുപ്പ് കാലത്ത് പ്രതിരോധത്തിലായി സിപിഎം

വീണ്ടും ന്യൂനമർദം; സംസ്ഥാനത്ത് മഴ കനക്കും

കൊല്ലത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; 4 വീടുകൾ പൂർണമായും കത്തിനശിച്ചു

ഓപ്പറേഷൻ ബ്ലാക്ക് ബോർഡ്; കർശന നടപടിക്ക് വിദ്യാഭ്യാസവകുപ്പ്

''പത്മകുമാറിന്‍റെ അറസ്റ്റ് ഗത്യന്തരമില്ലാതെ, ഉന്നത രാഷ്ട്രീയ ഗുഢാലോചന വ്യക്തം'': കെ.സി. വേണുഗോപാല്‍