1.3 കോടിയുടെ സ്വത്തുക്കൾ ഇഡി മരവിപ്പിച്ചു
കൊച്ചി: ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട സ്വർണവും മറ്റ് ക്ഷേത്ര സ്വത്തുക്കളും ദുരുപയോഗം ചെയ്തെന്ന കേസിൽ ഇഡി കഴിഞ്ഞദിവസം നടത്തിയ റെയ്ഡിൽ കണ്ടെത്തിയത് നിർണായക വിവരങ്ങൾ. ഓപ്പറേഷൻ ഗോൾഡൻ ഷാഡോ എന്ന പേരിൽ 2002 ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം കൊച്ചി സോണൽ ഓഫീസിലെ എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റാണ് കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലായി 21 സ്ഥലങ്ങളിൽ പരിശോധന നടത്തിയത്.
ശബരിമല സ്വർണകൊള്ളവുമായി ബന്ധപ്പെട്ട പ്രതികളുടെയും വീടുകളിലും സ്ഥാപനങ്ങളിലും നടത്തിയ പരിശോധനയിൽ ആകെ ഒരു കോടി 30 ലക്ഷം രൂപ വില വരുന്ന വസ്തുവകകൾ കണ്ടുകെട്ടിയെന്നാണ് ഇഡി അറിയിച്ചിരിക്കുന്നത്.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ മുതിർന്ന ഉദ്യോഗസ്ഥർ, മുൻ ക്ഷേത്ര ഭരണാധികാരികൾ, സ്വകാര്യ സ്പോൺസർമാർ, ജ്വല്ലറികൾ എന്നിവർ ഉൾപ്പെട്ട ആസൂത്രിതമായ ക്രിമിനൽ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് കേരള പൊലീസ് ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത രണ്ട് എഫ്ഐആറുകളുടെ അടിസ്ഥാനത്തിലായിരുന്നു ഇഡിയുടെ അന്വേഷണം. ദ്വാരപാലക വിഗ്രഹ ഘടകങ്ങൾ, പീഠങ്ങൾ, ശ്രീകോവിലിന്‍റെ വാതിൽ ഫ്രെയിം പാനലുകൾ എന്നിവയുൾപ്പെടെ ക്ഷേത്രത്തിലെ പവിത്രമായ സ്വർണം പൂശിയ വസ്തുക്കൾ ഔദ്യോഗിക രേഖകളിൽ വെറും ചെമ്പ് തകിടുകൾ ആണെന്ന് തെറ്റായി രേഖപ്പെടുത്തിയതായും ഇഡി കണ്ടെത്തിയിട്ടുണ്ട്