Kerala

സാമവേദാചാര്യൻ ഡോ. തോട്ടം ശിവകരൻ നമ്പൂതിരി ഗുരുവായൂർ മേൽശാന്തി

പാലാ: സാമവേദാചാര്യൻ ഡോ. തോട്ടം ശിവകരൻ നമ്പൂതിരി ഗുരുവായൂർ മേൽശാന്തിയാകും. ഇന്നലെ നടന്ന നറുക്കെടുപ്പിലാണു തൃശൂർ പാഞ്ഞാൾ സ്വദേശിയായ ഡോ. ശിവകരന് പുതിയ ദൗത്യം കൈവന്നത്. നേരത്തേ, 40 അപേക്ഷകരിൽ 33 പേർക്ക് തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന്‍റെ നിർദേശപ്രകാരം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇവരിൽ നിന്നു തെരഞ്ഞെടുക്കപ്പെട്ട 28 പേരുകൾ ശ്രീകോവിലിനു മുന്നിൽ വെള്ളിക്കുടത്തിൽ സമർപ്പിച്ചായിരുന്നു നറുക്കെടുപ്പ്. ഏപ്രിൽ ഒന്നു മുതൽ ആറു മാസത്തേക്കാണു നിയോഗം.

മുൻപ് നിരവധി അപേക്ഷിച്ചിട്ടുള്ള ഡോ. ശിവകരൻ നമ്പൂതിരി തെരഞ്ഞെടുക്കപ്പെടുന്നത് ഇതാദ്യമാണ്. ഇപ്പോഴാണ് നിയോഗമെത്തിയതെന്നും എല്ലാം ഗുരുവായൂരപ്പന്‍റെ അനുഗ്രഹമെന്നും പുതിയ ദൗത്യത്തെക്കുറിച്ചു ഡോ. ശിവകരൻ നമ്പൂതിരി പ്രതികരിച്ചു. ഗുരുവായൂരിൽ സാമവേദ മുറജപമുൾപ്പെടെ ചടങ്ങുകളിൽ പങ്കെടുത്തിട്ടുണ്ട്.

പാലാ കുറിച്ചിത്താനം ശ്രീധരി വൈദ്യശാലയുടെയും ആശുപത്രിയുടെും മേധാവിയായ ഡോ. ശിവകരൻ നമ്പൂതിരി കേരളീയ സമ്പ്രദായത്തിലുള്ള ജൈമിനീയ സാമവേദം പരമ്പരാഗത ശൈലിയിൽ പിന്തുടരുന്ന ആചാര്യനാണ്. അതിരാത്രവും സോമയാഗവുമടക്കം നിരവധി യാഗങ്ങളിൽ പങ്കെടുത്തിട്ടുണ്ട് അദ്ദേഹം. ഡോ. ശിവകരനും സഹോദരൻ തോട്ടം കൃഷ്ണൻ നമ്പൂതിരിയും മാത്രമാണ് യാഗങ്ങളുടെ ചടങ്ങുകളിൽ പ്രധാനമായ ജൈമിനീയ സാമവേദം പിന്തുടരുന്ന ആചാര്യന്മാർ. അന്യം നിന്നുപോകുന്ന സാമവേദത്തെ പുനരുദ്ധരിക്കാൻ കുറിച്ചിത്താനത്ത് സാമവേദ പാഠശാല നടത്തുന്നുണ്ട് ഡോ. ശിവകരൻ.

ഋക്, യജുസ്, സാമ വേദ പാരമ്പര്യമുള്ള അപൂർവ ഗ്രാമവും യാഗഭൂമിയുമായ പാഞ്ഞാളിൽ നിന്നുള്ള ആദ്യ ഗുരുവായൂർ മേൽശാന്തിയാണ് ഡോ. ശിവകരൻ. സാമവേദാചാര്യനായിരുന്ന അന്തരിച്ച തോട്ടം സുബ്രഹ്മണ്യൻ നമ്പൂതിരിയാണ് അച്ഛൻ. ഡോ. മഞ്ജിമയാണു ഭാര്യ. നിവേദിത, നന്ദിത എന്നിവർ മക്കൾ.

അതിതീവ്രമഴയ്ക്ക് മുന്നറിയിപ്പ്: നാളെയും മറ്റന്നാളും 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്

ജനങ്ങളെ തമ്മിൽ ഭിന്നിപ്പിക്കാനാണ് മോദി ശ്രമിക്കുന്നത്: ഖാർഗെ

സ്വാതി മലിവാളിനെ മർദ്ദിച്ച സംഭവം; കെജ്‌രിവാളിന്‍റെ സ്റ്റാഫ് ബൈഭവ് കുമാർ അറസ്റ്റിൽ

ഇടുക്കിയിൽ പനിബാധിച്ച് 10 വയസുകാരി മരിച്ചു; ഡെങ്കിപ്പനി മൂലമെന്ന് സംശയം

കനത്ത മഴ: ഊട്ടിയിൽ റെയിൽപാളത്തിലേക്ക് മണ്ണിടിഞ്ഞ് വീണു, ട്രെയിൻ സർവീസ് റദ്ദാക്കി