സ്കൂൾ പ്രവൃത്തി സമയം അര മണിക്കൂർ കൂടി കൂട്ടി

 
Representative image
Kerala

സ്കൂൾ പ്രവൃത്തി സമയം അര മണിക്കൂർ കൂടി കൂട്ടി

അഞ്ച് മുതല്‍ ഏഴാം ക്ലാസ് വരെയുള്ള യുപി വിഭാഗത്തിന് 2025 ജൂലൈ 7, 2025 ഒക്ടോബര്‍ 25 എന്നീ രണ്ടു ശനിയാഴ്ചകള്‍ പ്രവൃത്തി ദിവസമാണ്

നീതു ചന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍എയ്ഡഡ് ഹൈസ്‌കൂളുകളില്‍ വെള്ളിയാഴ്ച ഒഴികെയുള്ള പ്രവൃത്തിദിനങ്ങളില്‍ അര മണിക്കൂര്‍ പ്രവൃത്തിസമയം കൂട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കി. 8, 9, 10 ക്ലാസുകള്‍ക്ക് 220 പ്രവൃത്തി ദിനങ്ങളില്‍ 100 ബോധനമണിക്കൂറുകള്‍ ലഭിക്കുന്നതിനായി രാവിലെയും വൈകിട്ടുമായി 15 മിനിറ്റ് വീതമാണ് കൂട്ടിയിരിക്കുന്നത്. ഇതോടെ ക്ലാസ് സമയം രാവിലെ 9.45 മുതല്‍ വൈകിട്ട് 4.15 വരെയായി. സമയക്രമം പുനഃക്രമീകരിച്ച് തയാറാക്കിയ പുതിയ ടൈംടേബിള്‍ പ്രാബല്യത്തില്‍ വന്നു. ഹൈസ്‌കൂളില്‍ എട്ട് പീരിയഡുകളും നിലനിര്‍ത്തിയാണ് പരിഷ്‌കരണം. രാവിലെ 9.45നാണ് ക്ലാസ് ആരംഭിക്കുന്നത്. ആദ്യം 45 മിനിറ്റുള്ള രണ്ടു പീരിയഡുകള്‍. തുടര്‍ന്ന് 10 മിനിറ്റ് ഇടവേള. പിന്നീട് 40 മിനിറ്റുള്ള രണ്ടു പീരിയഡുകള്‍ക്കു ശേഷം ഉച്ചയ്ക്ക ഒരു മണിക്കൂര്‍ ഇടവേള. ഉച്ചയ്ക്ക് 1.45ന് തുടങ്ങി 40 മിനിറ്റുള്ള രണ്ട് പീരിയഡുകള്‍ക്കു ശേഷം 5 മിനിറ്റ് ഇടവേള. തുടര്‍ന്ന് 35, 30 മിനിറ്റുള്ള രണ്ട് പീരിയഡുകളോടെ 4.15ന് ക്ലാസ് അവസാനിക്കുന്ന തരത്തിലാണ് പുതിയ ടൈം ടേബിള്‍ ക്രമീകരിച്ചിരിക്കുന്നത്.

ഇതിനൊപ്പം 5 മുതല്‍ ഏഴു വരെ ക്ലാസുകള്‍ക്ക് (യുപി വിഭാഗം) തുടര്‍ച്ചയായി 6 പ്രവൃത്തി ദിനങ്ങള്‍ വരാത്ത വിധം 2 ശനിയാഴ്ചകളും 8 മുതല്‍ 10 വരെ ക്ലാസുകള്‍ക്ക് തുടര്‍ച്ചയായി 6 പ്രവൃത്തിദിനം വാരാത്ത വിധം 6 ശനിയാഴ്ചകളും പ്രവൃത്തിദിനമാക്കി. ഒന്നു മുതല്‍ നാലു വരെയുള്ള ക്ലാസുകള്‍ക്ക് 2025-26 അധ്യയനവര്‍ഷം അധിക പ്രവൃത്തിദിനങ്ങള്‍ ഇല്ല. ഹൈസ്‌കൂളുകളില്‍ 1200 മണിക്കൂര്‍ പഠന സമയം നിര്‍ദേശിക്കുന്ന സാഹചര്യത്തിലാണ ആറ് അധിക പ്രവൃത്തി ദിവസങ്ങള്‍ക്കൊപ്പം ദിവസവും അര മണിക്കൂര്‍ കൂട്ടിയത്. അധ്യാപക സംഘടനകളുടെ കടുത്ത പ്രതിഷേധം വകവെക്കാതെയാണ് പുതിയ അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ കലണ്ടറുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. വിദ്യാഭ്യാസ നിയമം പരിഗണിക്കാതെയാണ് പുതിയ പരിഷ്‌കാരമെന്നാണ് അധ്യാപക സംഘടനകളുടെ ആക്ഷേപം.

ഈ ശനിയാഴ്ചകള്‍ പ്രവൃത്തി ദിനം

അഞ്ച് മുതല്‍ ഏഴാം ക്ലാസ് വരെയുള്ള യുപി വിഭാഗത്തിന് 2025 ജൂലൈ 7, 2025 ഒക്ടോബര്‍ 25 എന്നീ രണ്ടു ശനിയാഴ്ചകള്‍ പ്രവൃത്തി ദിവസമാണ്. ഹൈസ്‌കൂള്‍ വിഭാഗത്തിന് ജൂലൈ 26, ഓഗസ്റ്റ് 16, ഒക്ടോബര്‍ 04, ഒക്ടോബര്‍ 25, 2026 ജനുവരി 03, 2026 ജനുവരി 31 എന്നീ ആറ് ശനിയാഴ്ചകളും പ്രവൃത്തി ദിനമാക്കി.

അടിമുടി യുഡിഎഫ് തരംഗം; കാലിടറി എൽഡിഎഫ്, നില മെച്ചപ്പെടുത്തി ബിജെപി

മണ്ണാർക്കാട് നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർഥിക്ക് ആകെ ലഭിച്ചത് ഒരേ ഒരു വോട്ട്

തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് ലീഗ് പ്രവർത്തകന് ദാരുണാന്ത്യം

സന്നിധാനത്ത് ട്രാക്റ്റർ മറിഞ്ഞ് അപകടം; 8 പേർക്ക് പരുക്ക്

മെസിക്കൊപ്പം പന്ത് തട്ടി രേവന്ത് റെഡ്ഡി