സംസ്ഥാന സ്കൂൾ കലോത്സവത്തിന് ബുധനാഴ്ച തിരിതെളിയും
തൃശൂർ: 64ആമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ബുധനാഴ്ച തിരി തെളിയും. ഇതിനുള്ള അവസാനവട്ട ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ചൊവ്വാഴ്ച രാവിലെ മുതൽ മത്സരാർഥികളുടെ രജിസ്ട്രേഷൻ ആരംഭിക്കും. പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ തന്നെയാണ് ഇക്കുറിയും കലോത്സവത്തിന് എത്തുന്നവർക്ക് ഭക്ഷണമൊരുക്കുന്നത്.
25000 ഓളം പേർക്ക് ഭക്ഷണം ഒരുക്കേണ്ടി വരുമെന്നാണ് കണക്ക്. ചൊവ്വാഴ്ച ഉച്ചയോടെ ഊട്ടുപുരയിൽ പാലുകാച്ചൽ നടത്തും.
വൈകിട്ടോടെ കലോത്സവത്തിന്‍റെ വരവറിയിച്ചുള്ള സാംസ്കാരിക ഘോഷയാത്ര നടക്കും. 25 വേദികളിലായി പതിനായിരകണക്കിന് പ്രതിഭകളാണ് കലോത്സവത്തിൽ മാറ്റുരയ്ക്കുക. കലോത്സവത്തിന്‍റെ പ്രധാനവേദി സംഘാടകർക്ക് കൈമാറി കഴിഞ്ഞു. 10 എസ്ഐമാരുടെ കീഴിൽ 1200 ഓളം പൊലീസുകാരെയാണ് സുരക്ഷയ്ക്കായി ഒരുക്കിയിട്ടുള്ളത്. നഗരത്തിൽ സ്ത്രീ സൗഹൃദ ടാക്സികളും സർവീസ് നടത്തും.