തിരുവനന്തപുരം കോര്‍പ്പറേഷന്‍
തിരുവനന്തപുരം: ക്രിമിനൽ കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്‍. സുഗതന് തിരിച്ചടി. സുഗതനെതിരെ പൊലീസ് കാപ്പ ചുമത്തിയതിന് ആഭ്യന്തര സെക്രട്ടറി അംഗീകാരം നല്‍കി. ഹൈക്കോടതി സത്യപ്രതിജ്ഞ അസാധുവാക്കിയതോടെ വീണ്ടും സത്യപ്രതിജ്ഞയ്ക്ക് അവസരം തേടാനിരിക്കെയാണ് തിരിച്ചടി. അതേസമയം, കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ വീണ്ടും സത്യപ്രതിജ്ഞക്ക് അവസരം നൽകണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനിരിക്കുകയാണ് സുഗതൻ. കാപ്പ ഇളവ് തേടി കാപ്പാ ബോർഡിനെയും സമീപിക്കാനാണ് സുഗതന്‍റെ നീക്കം.
സത്യപ്രതിജ്ഞ അസാധുവായതോടെ 14 ദിവസത്തിനുള്ളിൽ സത്യപ്രതിജ്ഞ ചെയ്യണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. പല ദൈവങ്ങളുടെ പേരിലുള്ള സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കിയതിന് പിന്നാലെ തിരുവനന്തപുരം കോർപ്പറേഷനിലെ 19 ബിജെപി അംഗങ്ങൾ വീണ്ടും സത്യപ്രതിജ്ഞ ചെയ്തിരുന്നു. എന്നാൽ റിമാഡിലായ സുഗതന് സത്യപ്രതിജ്ഞ ചെയ്യാനായില്ല. കേസിൽ ഒളിവിലായതിനാൽ കഴിഞ്ഞ കൗൺസിലുകളിലും സുഗതന് പങ്കെടുക്കാനായില്ല.
മൂന്ന് കൗൺസിലിൽ പങ്കെടുക്കാതിരുന്നാൽ അയോഗ്യനാക്കാമെന്ന പ്രതിപക്ഷ വാദം സുഗതന് വെല്ലുവിളിയാണ്. കൂടാതെ കേവലഭൂരിപക്ഷം മാത്രമുള്ള ഭരണസമിതിക്ക് സുഗതൻ നിർണായകമാണ്. അടുത്ത കൗൺസിൽ യോഗത്തിൽ സിപിഎമ്മും കോൺഗ്രസും അവിശ്വാസ പ്രമേയം കൊണ്ടുവന്നേക്കുമെന്ന സൂചന ലഭിച്ചതോടെയാണ് സത്യപ്രതിജ്ഞ അതിവേഗമാക്കിയുള്ള മേയറുടെ അതിവേഗ നീക്കങ്ങൾ.
ഇന്നലെ കോർപ്പറേഷനിൽ നടന്ന നാടകീയ നീക്കങ്ങളും കൗൺസിൽ നടക്കാതിരിക്കാനാണെന്നാണ് ആക്ഷേപം. എന്നാൽ, സുഗതന്‍റെ രാജിക്കായി പ്രതിപക്ഷവും കോൺഗ്രസും മുറവിളികൂട്ടുമ്പോൾ വീണ്ടും സുഗതന് സത്യപ്രതിജ്ഞ ചെയ്യാൻ ഒരു ദിവസത്തെ ഇളവ് ആവശ്യപ്പെട്ട് കോടതി സമീപിക്കാനാണ് ബിജെപിയുടെ ആലോചന. നിരവധി ക്രിമിനൽകേസുകൾ നിലനിൽക്കുകയാണ് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ സുഗതനെ ബിജെപി വാഴോട്ടുകോണത്ത് സ്ഥാനാർഥിയാക്കിയത്. ഇനി കോടതി നിലപാട് സുഗതനും കോർപ്പറേഷനിലെ ബിജെപി ഭരണ സമിതിക്കും നിർണായകമാകും.