എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; 99.5% വിജയം
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.5 ശതമാനം വിജയം. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. results.kite.kerala.gov.in/, sslcexam.kerala.gov.in എന്നീ വെബ് സൈറ്റുകളിലൂടെ വിദ്യാർഥികൾക്ക് ഫലം ലഭ്യമാവും. വിജയശതമാനത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നേരിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം 99.69 ആയിരുന്നു വിജയശതമാനം. എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയവരുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്. 61449 പേർക്കാണ് ഇത്തവണ എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. കണ്ണൂർ ജില്ലയിലാണ് വിജയശതമാനം കൂടുതൽ.
കുറവ് വിജയശതമാനം തിരുവനന്തപുരം ജില്ലയിൽ. ഏറ്റവുമധികം എപ്ലസ് ലഭിച്ചത് മലപ്പുറം ജില്ലയിൽ. പരീക്ഷ എഴുതിയതിൽ 4,24,583 കുട്ടികൾ ഉപരിപഠനത്തിന് അർഹത നേടി. സംസ്ഥാനത്തൊട്ടാകെ 4,27,021 കുട്ടികളാണ് ഇത്തവണ എസ്എസ്എൽസി പരീക്ഷയെഴുതിയത്. ഇതിൽ 2,17, 696 ആൺകുട്ടികളും 2,09, 325 പെൺകുട്ടികളും ഉൾപ്പെടുന്നു.
സർക്കാർ മേഖലയിൽ നിന്നും 1,42,298 വിദ്യാർഥികളും എയ്ഡഡ് സ്കൂളുകളിൽ നിന്നും 2,55,092 വിദ്യാർഥികളും അൺ എയ്ഡഡ് സ്കൂളുകളിൽ നിന്നും 29,631വിദ്യാർഥികളും പരീക്ഷയെഴുതി. ഇത്തവണ ഗൾഫ് മേഖലയിൽ 682 വിദ്യാർഥികളും ലക്ഷദ്വീപ് മേഖലയിൽ 447 വിദ്യാർഥികളും പരീക്ഷ എഴുതി. ഇവർക്ക് പുറമേ ഓൾഡ് സ്‌കീമിൽ 8 കുട്ടികളും പരീക്ഷ എഴുതിയിട്ടുണ്ട്.