Food parcel
Food parcel Representative image
Kerala

ഭക്ഷണ പാഴ്‌സലില്‍ സ്റ്റിക്കര്‍ നിര്‍ബന്ധം

തിരുവനന്തപുരം: ഭക്ഷ്യ സ്ഥാപനങ്ങള്‍ വിതരണം ചെയ്യുന്ന പാഴ്‌സല്‍ ഭക്ഷണത്തിന്‍റെ കവറിന് പുറത്ത് തീയതിയും സമയവും ഉള്‍പ്പെട്ട ലേബലോ സ്റ്റിക്കറോ പതിക്കണമെന്ന നിയമം പാലിക്കുന്നുവെന്ന് ഉറപ്പു വരുത്താൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്‍റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.

52 സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ 791 സ്ഥാപനങ്ങളിലാണ് പരിശോധനകള്‍ നടത്തിയത്. നിയമ ലംഘനം കണ്ടെത്തിയ 114 സ്ഥാപനങ്ങള്‍ക്ക് പിഴ ഈടാക്കുന്നതിനുള്ള നോട്ടീസും 44 സ്ഥാപനങ്ങള്‍ക്ക് റെക്റ്റിഫിക്കേഷന്‍ നോട്ടീസും നല്‍കി. 120 സ്ഥാപനങ്ങള്‍ക്ക് നേരെ അഡ്ജ്യൂഡിക്കേഷന്‍ നടപടി സ്വീകരിക്കും. ഗുരുതര നിയമ ലംഘനം കണ്ടെത്തിയ 6 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു.

ഭക്ഷണപ്പൊതികളില്‍ ഭക്ഷ്യ സുരക്ഷാ അറിയിപ്പ് സംബന്ധിച്ച സ്റ്റിക്കര്‍ പതിപ്പിക്കേണ്ടത് ഭക്ഷ്യ സുരക്ഷാ വകുപ്പ് നിര്‍ബന്ധമാക്കിയിരുന്നു. പല സ്ഥാപനങ്ങളും ഇത് കൃത്യമായി പാലിക്കുന്നില്ലെന്ന പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് പ്രത്യേക പരിശോധന നടത്തിയത്. പരിശോധനകള്‍ തുടരുമെന്നും മന്ത്രി അറിയിച്ചു.

ഹോട്ടലുകള്‍ ഉള്‍പ്പെടെ ഭക്ഷണ പാഴ്‌സലുകള്‍ നല്‍കുന്ന ഭക്ഷ്യ സ്ഥാപനങ്ങള്‍ ഭക്ഷണത്തിന്‍റെ കവറിന് പുറത്ത് ഉപയോഗിക്കേണ്ട സമയ പരിധിയുള്‍പ്പടെ പ്രദര്‍ശിപ്പിക്കുന്ന സ്റ്റിക്കറോ ലേബലോ നിര്‍ബന്ധമായും പതിക്കണമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ നിര്‍ദ്ദേശമുണ്ട്. പായ്ക്ക് ചെയ്യുന്ന തീയതിയും സമയവും ഏത് സമയം വരെ ആ ഭക്ഷണം കഴിക്കാം എന്നതും ലേബലിലുണ്ടാകണം. പാകം ചെയ്ത ഭക്ഷണം 2 മണിക്കൂറിനുള്ളില്‍ കഴിക്കണമെന്നാണ് ഭക്ഷ്യ സുരക്ഷാ ഗുണ നിലവാര നിയമം.

പരിശോധനകള്‍ക്ക് ഭക്ഷ്യ സുരക്ഷാ ജോയിന്‍റ് കമ്മിഷണര്‍ ജേക്കബ് തോമസ്, ഡെപ്യൂട്ടി കമ്മിഷണര്‍മാരായ എസ്. അജി, ജി. രഘുനാഥ കുറുപ്പ്, വി.കെ. പ്രദീപ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

മോദിയുടെ ആകെ ആസ്തി 3 കോടി രൂപ; ഭൂമിയില്ല, വീടില്ല, കാറില്ല

ഡ്രൈവിങ് സ്കൂൾ ഉടമകളുടെ യോഗം വിളിച്ച് ഗതാഗത മന്ത്രി

സുശീൽ കുമാർ മോദിക്ക് അന്ത്യാഞ്ജലി

പതഞ്ജലി കേസ്: ഐഎംഎ പ്രസിഡന്‍റിന് രൂക്ഷ വിമർശനം

ഗാസയിൽ ഇന്ത്യയുടെ മുൻ സൈനികൻ കൊല്ലപ്പെട്ടു