ശബരിമല യുവതിപ്രവേശനം; ഒൻപത് അംഗം ബെഞ്ചിന്‍റെ രൂപീകരണം പരിഗണനയിലെന്ന് ചീഫ് ജസ്റ്റിസ്
ന്യൂഡൽഹി: ശബരിമല യുവതിപ്രവേശന വിഷയം അടക്കം പരിഗണിക്കാൻ ഒമ്പത് അംഗ ഭരണഘടന ബെഞ്ച് രൂപീകരിക്കാൻ സാധ്യത തേടി സുപ്രീം കോടതി. സാധ്യത പരിശോധിക്കുന്നതായി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഇംഗ്ലീഷ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തില്‍ വ്യക്തമാക്കി. പരമോന്നത കോടതി പരിശോധിക്കുക മതസ്വന്തന്ത്ര്യവും സ്ത്രീ അവകാശങ്ങളും സംബന്ധിച്ച വിഷയങ്ങൾ, മതാചാരങ്ങളിൽ കോടതി ഇടപെട്ട് ലിംഗ സമത്വം ഉറപ്പാക്കണോ, എന്നീ വിഷയങ്ങളാണ്. ഇതില്‍ സുപ്രധാന തീർപ്പ് ഉണ്ടായേക്കും.
എന്നാൽ ബെഞ്ച് എപ്പോൾ മുതൽ വാദം കേട്ട് തുടങ്ങുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിട്ടില്ല.
ശബരിമല യുവതി പ്രവേശനത്തിന് പുറമെ മുസ്ലീം പള്ളികളിലെ സ്ത്രീ പ്രവേശനം ഉൾപ്പെടെയുള്ള വിഷയങ്ങളും ബെഞ്ച് പരിഗണിക്കും. യുവതി പ്രവേശന വിഷയം പരിഗണിക്കാൻ 2019 ൽ അന്നത്തെ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയുടെ നേതൃത്വത്തിലുള്ള ഒൻപതംഗ ബെഞ്ച് രൂപീകരിച്ചിരുന്നു. ആ ബെഞ്ചിലുള്ള ഏക ജഡ്ജി നിലവിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ആണ്.