മുല്ലപ്പെരിയാറിലെ മരംമുറി: കേരളത്തിന്‍റെ വാദം തള്ളി സുപ്രീം കോടതി
ന്യൂഡല്‍ഹി: മുല്ലപ്പെരിയാർ ഡാമിൽ അറ്റകുറ്റപ്പണിക്കായി മരം മുറിക്കാൻ അനുമതി തേടി തമിഴ്നാട് നൽകിയ ഹർജിയിൽ കേരളത്തിനു തിരിച്ചടി. ഇതുമായി ബന്ധപ്പെട്ട തമിഴ്നാടിന്‍റെ അപേക്ഷയിൽ കേരളം രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കണമെന്നു സുപ്രീം കോടതി നിർദേശിച്ചു. തുടർന്ന് ഇതു കേന്ദ്ര സർക്കാരിനു കൈമാറണം. കേന്ദ്ര സർക്കാർ മൂന്നാഴ്ചയ്ക്കുള്ളിൽ നടപടി സ്വീകരിക്കണമെന്നും പരമോന്നത കോടതി.
അണക്കെട്ടിനു സമീപത്തെ 23 മരങ്ങൾ മുറിക്കാന്‍ അനുമതി നല്‍കിയിരുന്നെങ്കിലും വലിയ രാഷ്‌ട്രീയ വിവാദമായതോടെ പിന്‍വലിച്ചിരുന്നു. ഇതിനെതിരേ തമിഴ്നാട് നൽകിയ കേസിലാണു സുപ്രീം കോടതിയുടെ ഇടപെടൽ. കഴിഞ്ഞ 14നു തമിഴ്നാട് നൽകിയ പുതിയ അപേക്ഷയിൽ തീരുമാനമെടുക്കാൻ 35 ദിവസത്തെ സമയം തങ്ങള്‍ക്ക് ഉണ്ടെന്നാണു കേരള സർക്കാർ സുപ്രീം കോടതിയിൽ വാദിച്ചത്. ഇതു പക്ഷേ, സുപ്രീം കോടതി അംഗീകരിച്ചില്ല. തുടർന്നാണു രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കാനുള്ള നിർദേശം.
ബേബി ഡാം ബലപ്പെടുത്തുന്നതിനുള്ള അപേക്ഷ കേരളം അംഗീകരിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു. പണി നടക്കുന്ന സ്ഥലത്ത് കേരളത്തിലെ ഉദ്യോഗസ്ഥന്‍റെ സാന്നിധ്യം ഉറപ്പാക്കണം. ഇതിനായി സാധന സാമഗ്രികൾ കൊണ്ടുപോകാൻ റോഡ് നിർമിക്കണമെന്ന ആവശ്യവും അംഗീകരിച്ചു. റോഡ് കേരളം നിർമിക്കാനും ചെലവ് തമിഴ്‌നാട് വഹിക്കാനുമാണ് നിർദേശം. ഡോർമിറ്ററിയുടെ അറ്റകുറ്റപണി നടത്താനും തമിഴ്‌നാടിന് അനുവാദം നൽകി. ഒരു ബോട്ട് കൂടി അനുവദിക്കണമെന്ന തമിഴ്നാടിന്‍റെ ആവശ്യം നിയന്ത്രണങ്ങൾക്ക് വിധേയമായി അംഗീകരിക്കണം. ഗ്രൗട്ടിങ്ഗ് സംബന്ധിച്ച തീരുമാനം മേൽനോട്ട സമിതിക്കും സുപ്രീം കോടതി വിട്ടു.