കുമ്മനം രാജശേഖരന്‍
തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റി റോഡ് പദ്ധതി കേന്ദ്രസര്‍ക്കാരിന്‍റെ അഭിമാന പദ്ധതിയാണെന്നു ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സര്‍ക്കാര്‍ നടപടി തികഞ്ഞ അല്‍പ്പത്തരമാണെന്നും റോഡ് ഉദ്ഘാടനം അർഥമില്ലാതെ പോകുമെന്നും കുമ്മനം രാജശേഖരന്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
1,538 കോടിയുടെ പദ്ധതിയില്‍ 500 കോടി മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ ചെലവഴിക്കുന്നത്. കേന്ദ്രസര്‍ക്കാരാണു പദ്ധതി നടത്തിപ്പിന്‍റെ സിംഹഭാഗവും നൽകുന്നത്. കേന്ദ്രത്തില്‍ നിന്നും ഉദ്യോഗസ്ഥരെത്തി കൃത്യമായ രൂപകല്‍പ്പന നടത്തി പദ്ധതി പൂര്‍ത്തിയാക്കിയപ്പോള്‍ കേന്ദ്രത്തെ ഒഴിവാക്കി പദ്ധതി സംസ്ഥാന സര്‍ക്കാരിന്‍റേതാണെന്നു വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് പിണറായി സര്‍ക്കാര്‍ നടത്തുന്നത്.
ഇതിനായി ഉദ്ഘാടന പരിപാടിയില്‍ നിന്നും കേന്ദ്രസർക്കാർ പ്രതിനിധികളെ സംസ്ഥാന സര്‍ക്കാര്‍ ഒഴിവാക്കിയിരിക്കുകയാണ്. സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ വിവിധ സംസ്ഥാനങ്ങളിലെ 25 നഗരങ്ങളെ ഉള്‍പ്പെടുത്തിയിരുന്നു. കേരളത്തില്‍ നിന്നും കൊച്ചിയെയും തിരുവനന്തപുരത്തെയുമാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
പദ്ധതിയുടെ മുഴുവന്‍ തുകയും കേന്ദ്രം നല്‍കി കഴിഞ്ഞു. പദ്ധതി പൂര്‍ത്തിയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ എല്ലാവിധ സഹായവും നല്‍കിയിട്ടും സംസ്ഥാന പദ്ധതിയാക്കി ഇതിനെ മാറ്റാൻ ശ്രമിക്കുകയാണെന്നും സര്‍ക്കാര്‍ ചെയ്യുന്നത് ജനാധിപത്യ സംവിധാനങ്ങളോടുള്ള തികഞ്ഞ അവഹേളനമാണെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്‍റെ പല പദ്ധതികളും ഇടത് സര്‍ക്കാര്‍ അട്ടിമറിക്കുകയാണ്. സ്‌കൂളിലെ ഉച്ചഭക്ഷണ വിതരണം കേന്ദ്രസര്‍ക്കാരിന്‍റെ പദ്ധതിയാണ്. ഇതിന്‍റെ പേര് മാറ്റി കേരള സര്‍ക്കാരിന്‍റെ പദ്ധതിയായി അവതരിച്ചു. അതുപോലെ പല പദ്ധതികളും അട്ടിമറിച്ചു. പല കേന്ദ്രപദ്ധതികളും കേരളത്തിൽ നടപ്പാക്കുന്നില്ല. പലതും പേര് മാറ്റി വികലമാക്കുന്നുവെന്നും കുമ്മനം രാജശേഖരന്‍ കൂട്ടിച്ചേര്‍ത്തു.