Thomas Isaac against ed in masala bond case file
Kerala

'ഒരിഞ്ച് പോലും വിട്ടുകൊടുക്കില്ല': ഇഡിയെ വെല്ലുവിളിച്ച് ഐസക്ക്

ഇഡിയോട് ശക്തമായി ഏറ്റുമുട്ടുമെന്നും ഐസക്ക്

കൊച്ചി: മസാല ബോണ്ട് കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റിനെതിരായ ഹൈക്കോടതിയുടെ ചോദ്യങ്ങൾക്ക് പിന്നാലെ ശക്തമായ പ്രതികരിച്ച് മുൻ ധനമന്ത്രിയും പത്തനംതിട്ടയിലെ എൽ ഡി എഫ് സ്ഥാനാർഥിയുമായ തോമസ് ഐസക്ക് രംഗത്ത്. ഇഡി കേസ് പുതിയ സംഭവവികാസങ്ങളിലേക്ക് നീങ്ങുകയാണെന്നും ഇഡിയോട് ശക്തമായി ഏറ്റുമുട്ടുമെന്നുമാണ് ഐസക്ക് പ്രതികരിച്ചത്. ഒരു ഇഞ്ച് പോലും ഇഡിക്ക് വഴങ്ങില്ലെന്നും ബിജെപിയുടെ രാഷ്‌ട്രയ ഏജൻസി മാത്രമാണ് ഇഡിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബിജെപിയുടെ കൊള്ളയടിക്കൽ യന്ത്രമാണ് ഇഡി. അത്തരത്തിലുള്ള അന്വേഷണ ഏജൻസിയുടെ ഭീഷണിക്ക് താൻ വഴങ്ങില്ലെന്നും ഐസക്ക് പറഞ്ഞു. മസാല ബോണ്ട് കേസിൽ തനിക്കെതിരെ തെളിവുണ്ടെങ്കിൽ ആ തെളിവുമായി ഇഡി കോടതിയിൽ വരട്ടെ. നിയമലംഘനം ഉണ്ടെകിൽ കേസ് എടുക്കണം. അല്ലാതെ വെറുതെ വിരട്ടാൻ നോക്കണ്ടെന്നും ചൊവ്വാഴ്ച കേസ് പരിഗണിക്കുമ്പോൾ കാണാമെന്നും ഇഡിയെ ഐസക്ക് വെല്ലുവിളിച്ചു.

കോടതിയെയെങ്കിലും ബോധ്യപ്പെടുത്തൂ: ഇഡിയോട് ഹൈക്കോടതി

മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്കിനെ ചോദ്യം ചെയ്യേണ്ടതിന്‍റെ ആവശ്യമെന്തെന്ന് കുറഞ്ഞ പക്ഷം കോടതിയെ എങ്കിലും ബോധ്യപ്പെടുത്തണമെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റിനോട് (ഇഡി) ഹൈക്കോടതി. എന്തിന് വേണ്ടിയാണ് ഐസകിനെ ചോദ്യം ചെയ്യുന്നതെന്ന് കൃത്യമായി കോടതിയെ ബോധ്യപ്പെടുത്തണമെന്നാണ് മസാല ബോണ്ട് ഇടപാടിലെ ഇഡി സമൻസിനെതിരായ തോമസ് ഐസക്കിന്‍റെ ഉപഹർജി പരിഗണിക്കവേ ഹൈക്കോടതി ഇഡിയോട് നിർദ്ദേശിച്ചത്.

ഇഡി സമൻസിനെതിരായ ഹർജി അന്തിമ തീർപ്പിനായി മാറ്റിയപ്പോൾ വീണ്ടും ഇഡി സമൻസയച്ചുവെന്ന് ഐസക്ക് കോടതിയെ അറിയിച്ചു. ഹൈക്കോടതി അനുകൂല ഉത്തരവിടാത്തതിനാൽ ഹാജരാകാൻ ഒരവസരം കൂടി നൽകാമെന്നും മസാല ബോണ്ട് വഴി കൈപ്പറ്റിയ തുക എങ്ങനെ ചെലവഴിച്ചുവെന്ന് വ്യക്തമാക്കണമെന്നുമായിരുന്നു സമൻസിലുണ്ടായിരുന്നത്. ഇഡി നടത്തുന്നത് അധികാര ദുർവിനിയോഗമെന്ന് കിഫ്ബിയും കോടതിയിൽ വാദിച്ചു.

കിഫ്ബി മാത്രമല്ല മസാലബോണ്ട് വഴി പണം സമാഹരിച്ചത്. ഇരുപതിനടുത്ത് സംസ്ഥാനങ്ങൾ മസാലബോണ്ട് സമാഹരിച്ചിട്ടുണ്ട്. തോന്നിയത് പോലെ പണം എടുക്കുകയല്ല ചെയ്തത്. സംസ്ഥാന സർക്കാരിന് വേണ്ടി കിഫ്ബി പണം ശേഖരിച്ച് അത് ജനങ്ങളുടെ ആവശ്യങ്ങൾക്കായാണ് ചെലവഴിച്ചത്. ഇരുന്നൂറിലധികം രേഖകളിലാണ് ഒപ്പിട്ട് നൽകിയതെന്നും കോടതിയിൽ കിഫ്ബി അറിയിച്ചു.

ഇതോടെയാണ് എന്തിന് വേണ്ടിയാണ് ഐസകിനെ ചോദ്യം ചെയ്യേണ്ടതെന്ന് കോടതിയെ ബോധ്യപ്പെടുത്തണമെന്ന് ജസ്റ്റിസ് ടി.ആർ. രവി ഇഡിയോട് നിർദ്ദേശിച്ചത്. കേസ് പരിഗണിക്കുന്നത് അടുത്ത ചൊവ്വാഴ്ചയിലേക്ക് മാറ്റി. അതുവരെ കടുത്ത നടപടി പാടില്ലെന്ന മുൻ ഉത്തരവ് നിലനിൽക്കുമെന്നും ജസ്റ്റിസ് ടി.ആര്‍.രവി വ്യക്തമാക്കി.

ചരിത്രം കുറിച്ച് ശുഭാംശു തിരിച്ചെത്തി‌

രാസവളങ്ങളോടൊപ്പം നാനോ വളങ്ങളും ബയോസ്റ്റിമുലന്‍റ് ഉത്പന്നങ്ങളും നൽകുന്ന രീതി അവസാനിപ്പിക്കാൻ നിർദേശം: കേന്ദ്ര മന്ത്രി

ഇടുക്കിയിൽ എംഡിഎംഎയുമായി കൊയിലാണ്ടി സ്വദേശി പിടിയിൽ

അസദുദ്ദീൻ ഒവൈസിയുടെ രാഷ്ട്രീയ പാർട്ടി അംഗീകാരം റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി

മഴ തുടരും; കണ്ണൂരും കാസർഗോഡും ഓറഞ്ച് അലർട്ട്