പി.സി. ചാക്കോ
തിരുവനന്തപുരം: എൻസിപി സംസ്ഥാന അധ‍്യക്ഷനായി തോമസ് കെ. തോമസിനെ തെരഞ്ഞെടുത്തു. പി.സി. ചാക്കോ രാജി വച്ചതോടെയാണ് തോമസ് കെ. തോമസിനെ അധ‍്യക്ഷനായി തെരഞ്ഞെടുത്തത്. പാർട്ടി ദേശീയ അധ‍്യക്ഷൻ ശരദ് പവാറാണ് പ്രഖ‍്യാപനം നടത്തിയത്. കൂടാതെ പി.എം. സുരേഷ് ബാബുവിനെയും പി.കെ. രാജൻ മാസ്റ്ററെയും വർക്കിങ് പ്രസിഡന്‍റുമാരായും തെരഞ്ഞെടുത്തു.
നിലവിൽ സംസ്ഥാന വർക്കിങ് പ്രസിഡന്‍റുമാരായി പ്രവർത്തിക്കുകയാണ് ഇരുവരും. സംസ്ഥാനത്തെ എൻസിപിയിലെ പ്രശ്നങ്ങൾ പരിഹരിക്കുകയെന്ന ലക്ഷ‍്യത്തോടെ നേതാക്കളെ ശരദ് പവാർ മുംബൈയിലേക്ക് വിളിപ്പിച്ചിരുന്നു. ഈ യോഗത്തിലാണ് അധ‍്യക്ഷ പദവി സംബന്ധിച്ച തീരുമാനമായത്.
തോമസ് കെ തോമസിനെ പ്രസിഡന്‍റാക്കണമെന്നായിരുന്നു പി.സി. ചാക്കോ വിഭാഗം ഒഴികെയുള്ളവരുടെ ആവശ‍്യം. എന്നാൽ ഇതിനിടെ പി.സി. ചാക്കോ രാജി വച്ചതോടെയാണ് അധ‍്യക്ഷനായി തോമസ് കെ. തോമസിനെ തെരഞ്ഞെടുത്തത്.