ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു; യാത്രക്കാർക്ക് അത്ഭുതകരമായ രക്ഷപെടൽ
തൃശൂർ: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. അപകടത്തിൽ നിന്നു യാത്രക്കാർ അദ്ഭുതകരമായി രക്ഷപെട്ടു. വ്യാഴാഴ്ച രാവിലെ 9 മണിയോടെ മാളയിൽ നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസിന്‍റെ മുൻഭാഗത്തു നിന്നാണ് തീയും പുകയും ഉയർന്നത്. പുക കണ്ടയുടൻ ഡ്രൈവർ ബസ് നിർത്തി.
യാത്രക്കാർ തിരക്കുപിടിച്ചതോടെ, ബസിന്‍റെ ഒരു വാതിൽ തകരാറിലായി തുറക്കാനാകാത്ത അവസ്ഥയിലായി. ഇതോടെ ഭീതിയിലായ ചിലർ വശങ്ങളിലെ ജനലുകൾ വഴി പുറത്തേക്കു ചാടി രക്ഷപ്പെട്ടു.
സംഭവത്തിൽ ആളപായമില്ലെന്നാണ് റിപ്പോർട്ട്. പിന്നാലെ ആളൂർ പൊലീസും, ഫയർഫോഴ്‌സും സ്ഥലത്തെത്തി തീയണച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.