പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രവചരണത്തിനിടെ വി.ഡി. സതീശൻ സംസാരിക്കുന്നു 
Kerala

''മരുന്ന് കൊടുക്കണമെന്ന് മരുമോന്‍ പറയുന്നത് അധികാരത്തിന്‍റെ അഹങ്കാരത്തില്‍'', പ്രതിപക്ഷ നേതാവ്

''അഴിമതിക്കാരനായ മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകരെയും ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടുന്നതിനുള്ള അവസരം കൂടിയാണ് ഈ തെരഞ്ഞെടുപ്പ്''

കോട്ടയം: ആരോപണം ഉന്നയിക്കുന്നവര്‍ക്ക് മരുന്ന് കൊടുക്കണമെന്ന് മരുമോന്‍ പറയുന്നത് അധികാരത്തിന്‍റെ അഹങ്കാരത്തിലാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘത്തെ നിയന്ത്രിക്കുന്നത് പൊതുമരാമത്ത് മന്ത്രിയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

പുതുപ്പള്ളി യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന്‍റെ വാഹന പര്യടനം പാമ്പാടി പത്താഴക്കുഴിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രതിപക്ഷനേതാവ്.

സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിക്കുന്നവര്‍ക്ക് മരുന്ന് കൊടുക്കണമെന്നാണ് മരുമോന്‍ പറയുന്നത്. അധികാരത്തിന്‍റെ അഹങ്കാരം തലയ്ക്ക് പിടിച്ചത്‌ കൊണ്ടാണ് ആരോപണം ഉന്നയിച്ചവര്‍ക്ക് മരുന്ന് കൊടുക്കണമെന്ന് പറയാനുള്ള ധൈര്യം ഒരു മന്ത്രിക്ക് കിട്ടിയത്.

മറ്റു മന്ത്രിമാര്‍ക്കുള്ളതിനേക്കാള്‍ അമിതാധികാരം പൊതുമരാമത്ത് മന്ത്രി കൈയാളുകയാണ്. ആഭ്യന്തര വകുപ്പിനെ ഹൈജാക്ക് ചെയ്തിരിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘത്തിന്‍റെ നേതാവ് പൊതുമരാമത്ത് മന്ത്രിയാണ്. ആഭ്യന്തര വകുപ്പ് പൊതുമരാമത്ത് മന്ത്രിക്ക് കൈമാറിയോയെന്ന് വ്യക്തമാക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

അഴിമതിക്കാരനായ മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകരെയും ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടുന്നതിനുള്ള അവസരം കൂടിയാണ് ഈ തെരഞ്ഞെടുപ്പ്. ഗുരുതരമായ 6 അഴിമതി ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിച്ചത്. ഈ 6 അഴിമതികള്‍ക്ക് പിന്നിലും മുഖ്യമന്ത്രിയുണ്ടെന്നത് തെളിവുകള്‍ സഹിതം ഉന്നയിച്ചിട്ടും മറുപടി പറയാന്‍ തയ്യാറല്ല. പ്രതിപക്ഷം എന്ത് ചെയ്‌തെന്ന് ചോദിച്ചാല്‍ മുഖ്യമന്ത്രിയുടെ വായടപ്പിക്കാന്‍ കഴിഞ്ഞു എന്നതാണ് മറുപടി. മുഖ്യമന്ത്രിയുടെ വാ അടപ്പിച്ച ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിച്ചത്. മുഖ്യമന്ത്രി മാധ്യമങ്ങളെയും ജനങ്ങളെയും കാണാന്‍ ഭയപ്പെടുകയാണ്. മുന്നിലിരിക്കുന്ന കുട്ടിസഖാക്കള്‍ക്ക് എഴുന്നേറ്റ് നിന്ന് ചോദ്യം ചോദിക്കാന്‍ അറിയില്ലെന്ന ബോധ്യമുള്ളതുകൊണ്ട് പാര്‍ട്ടി സമ്മേളനങ്ങളില്‍ മാത്രമാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നത്. മാധ്യമങ്ങളെ ഭയപ്പെട്ട് പേടിച്ച് വിറച്ച് നല്‍കുന്ന കേരളത്തിലെ ആദ്യ മുഖ്യമന്ത്രിയെന്ന പട്ടം ഞങ്ങള്‍ പിണറായി വിജയന് നല്‍കുകയാണെന്നും സതീശൻ പരിഹസിച്ചു.

ജീവിതകാലം മുഴുവന്‍ ഉമ്മന്‍ചാണ്ടിയെ വേട്ടയാടിവര്‍ അദ്ദേഹത്തിന്റെ ഓര്‍മകളെ പോലും ഭയപ്പെടുന്നു. ജീവിച്ചിരുന്ന ഉമ്മന്‍ചാണ്ടിയേക്കാള്‍ അവര്‍ ജീവിച്ചിരിക്കാത്ത ഉമ്മന്‍ചാണ്ടിയെ ഭയക്കുന്നു. അതുകൊണ്ടാണ് മരിച്ച ശേഷവും സിപിഎം നേതാക്കള്‍ വീണ്ടും അദ്ദേഹത്തെ വേട്ടയാടാന്‍ ശ്രമിക്കുന്നത്. കോട്ടയത്തെ നേതാക്കളെ ഇറക്കി ജീവിച്ചിരുന്നപ്പോള്‍ വേട്ടയാടിയതു പോലെ അദ്ദേഹത്തെ വീണ്ടും വേട്ടയാടനൊരു ശ്രമം സിപിഎം നടത്തി. പക്ഷെ ജനങ്ങളുടെ ഹൃദയവികാരം തിരിച്ചറിയുന്നതില്‍ സിപിഎം നേതാക്കള്‍ പരാജയപ്പെട്ടു. അത് തിരിച്ചറിഞ്ഞപ്പോള്‍ ജില്ലാ നേതാക്കളെ കളത്തിലിറക്കിയ സംസ്ഥാനത്തെ ബുദ്ധിരാക്ഷസന്‍മാരായ നേതാക്കള്‍ക്ക് ഞങ്ങള്‍ ഇനി അത് പറയില്ലെന്ന ഉറപ്പ് ജനങ്ങള്‍ക്ക് നല്‍കേണ്ടി വന്നു.

ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മകള്‍ നിലനിര്‍ത്തിക്കൊണ്ടു തന്നെയാണ് ഞങ്ങള്‍ ഈ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ആര്‍ക്കും മായ്ച്ച് കളയാന്‍ കഴിയാത്ത ഓര്‍മകള്‍ തന്നെയാണ് അദ്ദേഹം. ആ ഓര്‍മകള്‍ നിലനിര്‍ത്തുന്നതിനൊപ്പം വര്‍ഗീയതയ്ക്കും ഫാസിസത്തിനും അഴിമതിക്കും ജനങ്ങളുടെ ജീവിതം ദുരിതപൂര്‍ണമാക്കിയ ഇരു സര്‍ക്കാരുകള്‍ക്കും എതിരായ പോരാട്ടം കൂടിയാണ് ഈ തെരഞ്ഞെടുപ്പെന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു.

കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ശക്തമായ മഴ; കടലാക്രമണത്തിന് സാധ്യത

ഷൊർണൂർ-എറണാകുളം പാത മൂന്നുവരിയാക്കും; റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്

ഇന്ത്യ 1014, ഗിൽ 430; ജയം 7 വിക്കറ്റ് അകലെ

നീരവ് മോദിയുടെ സഹോദരൻ നെഹാൽ മോദി അമെരിക്കയിൽ അറസ്റ്റിൽ

വിവാഹ വീട്ടിലേക്ക് പുറപ്പെട്ട കാർ മതിലിലേക്ക് ഇടിച്ചു കയറി; പ്രതിശ്രുത വരൻ അടക്കം 8 പേർ മരിച്ചു