വി.ഡി. സതീശൻ, പിണറായി വിജയൻ
പാലക്കാട്: വാളയാറിൽ അതിഥി തൊഴിലാളി ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ മുഖ‍്യമന്ത്രി പിണറായി വിജയന് കത്തയച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കണമെന്നും കൊല്ലപ്പെട്ട അതിഥി തൊഴിലാളിയുടെ കുടുംബത്തെ സർക്കാർ സാമ്പത്തികമായി സഹായിക്കണമെന്നുമാണ് പ്രതിപക്ഷ നേതാവിന്‍റെ കത്തിലെ ആവശ‍്യം.
സംസ്ഥാനത്തിനാകെ നാണക്കേടുണ്ടാക്കിയ ക്രൂരമായ ആൾക്കൂട്ട കൊലപാതകമാണ് അട്ടപ്പള്ളത്തുണ്ടായതെന്നും ആൾക്കൂട്ടം നിയമം കൈയിലെടുക്കുന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്നും പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ലിതെന്നും കൊല്ലപ്പെട്ട അതിഥി തൊഴിലാളിക്ക് നീതി ഉറപ്പാക്കണമെന്നും പ്രതിപക്ഷ നേതാവ് കത്തിൽ ഉന്നയിക്കുന്നു.
ഇക്കഴിഞ്ഞ ഡിസംബർ 17 ബുധനാഴ്ച മൂന്നുമണിക്കാണ് ഛത്തീസ്ഗഡ് സ്വദേശി രാംനാരായണൻ ക്രൂരമായ ആൾക്കൂട്ട മർദനത്തിനിരയായത്. മോഷ്ടാവാണെന്നു സംശയിച്ചായിരുന്നു ആൾക്കൂട്ട മർദനം.
സംഭവത്തിൽ അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും വാളയാർ പൊലീസ് കഴിഞ്ഞ ദിവസം വ‍്യക്തമാക്കിയിരുന്നു.