എം.ബി. സന്തോഷ്
തിരുവനന്തപുരം: കെപിസിസി പ്രസിഡന്‍റ് കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും തമ്മിലുള്ള ഭിന്നത രൂക്ഷമായതോടെ യുഡിഎഫിൽ അമർഷം. തലസ്ഥാനത്തുണ്ടായിട്ടും കെപിസിസി സംഘടിപ്പിച്ച രണ്ടു പരിപാടികളിൽ നിന്ന് പ്രതിപക്ഷനേതാവ് വിട്ടുനിന്നതോടെ കഴിഞ്ഞ ദിവസം വിളിച്ചുകൂട്ടിയ യുഡിഎഫ് ഓൺലൈൻയോഗത്തിൽ കെപിസിസി പ്രസിഡന്‍റും പങ്കെടുത്തില്ല. ഇതിന്‍റെ തുടർച്ചയായി ഇന്നലെ നടക്കേണ്ട കെപിസിസി രാഷ്‌ട്രീയകാര്യസമിതിയോഗം മാറ്റി.
മഹാത്മാഗാന്ധി കോൺഗ്രസ് അധ്യക്ഷനായതിന്‍റെ നൂറാം വാർഷികത്തിലും കെപിസിസി നേതൃയോഗത്തിലുമാണ് തലസ്ഥാനത്തുണ്ടായിട്ടും പ്രതിപക്ഷ നേതാവ് പങ്കെടുക്കാതിരുന്നത്. ഇതിനോടുള്ള പ്രതികരണമെന്ന നിലയിൽ യുഡിഎഫ് യോഗത്തിൽനിന്ന് കെപിസിസി പ്രസിഡന്‍റും വിട്ടുനിന്നു. ഇതോടെ ഇരുവരും തമ്മിലുള്ള അകൽച്ച രൂക്ഷമായി.
നേരത്തെ തന്നെ സുധാകരനും സതീശനും തമ്മിലുള്ള ബന്ധം മെച്ചമായിരുന്നില്ല. മാധ്യമ ക്യാമറകളുടെ മൈക്കിനുമുന്നിൽ സതീശനെ കെപിസിസി പ്രസിഡന്‍റ് സഭ്യമല്ലാത്ത പ്രയോഗങ്ങളിലൂടെ സംബോധന ചെയ്തിരുന്നു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന്‍റെ അന്ന് ദൃശ്യമാധ്യമ ക്യാമറകളുടെ മുന്നിൽ ആദ്യം സംസാരിക്കാനായി ഇരുവരും പോരടിച്ചതും വൈറലായി.
പാർലമെന്‍റ് തെരഞ്ഞെടുപ്പിനു പിന്നാലെ പ്രസിഡന്‍റ് ഉൾപ്പെടെയുള്ളവരെ മാറ്റി കെപിസിസി പുനഃസംഘടന നടത്തുമെന്ന് പ്രചാരണമുണ്ടായി. ഇതിന് പിന്നിൽ പ്രതിപക്ഷനേതാവ് ആണെന്നും പുനഃസംഘടനയുണ്ടെങ്കിൽ പ്രതിപക്ഷ നേതാവിനെയും മാറ്റുമെന്ന് സുധാകരൻ ക്യാംപിലുള്ളവർ നിലപാടെടുത്തു. അതിനിടയിലാണ് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക് എൻഎസ്എസിന്‍റെയും മുസ്‌ലിം ലീഗിന്‍റെയും ക്ഷണം കിട്ടിയത്. ഇതിനെ സുധാകരൻ ക്യാംപ് പ്രോത്സാഹിപ്പിച്ചു. ഇതോടെയാണ് സമീപത്തൊന്നുമില്ലാത്തവിധം സുധാകരൻ-സതീശൻ പക്ഷങ്ങളുടെ പോരുമുറുകിയത്.
മുൻകൂട്ടി നിശ്ചയിച്ച പരിപാടി മാറ്റിവച്ച് രാഷ്‌ട്രീയ കാര്യ സമിതിയിൽ പങ്കെടുക്കാൻ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ തിരുവനന്തപുരത്തേക്കു വരുമ്പോഴായിരുന്നു യോഗം മാറ്റിയതിന്‍റെ അറിയിപ്പ് കിട്ടിയത്. കെപിസിസിയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിക്കുണ്ടായതും സമാന അവസ്ഥ.
കോൺഗ്രസ് നേതാക്കളുടെ മൂപ്പിളിമ തർക്കത്തിൽ മുതിർന്ന നേതാക്കൾ ഉൾപ്പെടെ അസ്വസ്ഥരാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പിലെങ്കിലും ജയിച്ചിട്ടുമതി മുഖ്യമന്ത്രിക്കസേരയ്ക്കായുള്ള അടിയെന്ന് മുൻ മുഖ്യമന്ത്രി എ.കെ. ആന്‍റണി പാർട്ടി പരിപാടിയിൽ മുന്നറിയിപ്പ് നൽകിയത് ഇതേ തുടർന്നായിരുന്നു.
അതിനിടെ, യുഡിഎഫ് ഘടകകക്ഷികൾ കോൺഗ്രസ് നേതാക്കൾ തമ്മിലുള്ള തർക്കത്തിൽ കടുത്ത രോഷത്തിലാണ്. എൽഡിഎഫ് ഘടകകക്ഷികളായ കേരളാ കോൺഗ്രസി(എം)നെയും ആർജെഡിയെയും യുഡിഎഫിലേക്ക് കൊണ്ടുവരണമെന്ന ആവശ്യം ശക്തമാവുന്നതിനിടിയിലാണ് കോൺഗ്രസിലെ പോര്. അസംതൃപ്തികളുണ്ടെങ്കിലും ഇരു കക്ഷികളും എൽഡിഎഫിൽ ഉറച്ചുനിൽക്കുകയാണ്. "കപ്പിത്താൻമാർതന്നെ മുക്കാൻ നോക്കുന്ന കപ്പലിലേക്ക് ആരെങ്കിലും വരുമോ' എന്നാണ് പ്രമുഖനായ ഒരു യുഡിഎഫ് നേതാവ് ഇതേപ്പറ്റി പ്രതികരിച്ചത്. അടുത്ത യുഡിഎഫ് യോഗത്തിൽ മുസ്‌ലിം ലീഗ് ഉൾപ്പെടെ കക്ഷികൾ കോൺഗ്രസ് പോരിനെതിരേ നിലപാടെടുക്കുമെന്നാണ് സൂചന.